ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി; ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍

തിരുവനന്തപുരം- സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിനെതിരെ അഴിമതിക്കേസുമായി വിജിലന്‍സ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ജേക്കബ് തോമസിനെ പ്രതിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. എട്ടു കോടി രൂപക്ക്  ഡ്രഡ്ജന്‍ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ 19 കോടി രൂപക്കാണ് വാങ്ങിയത്. ഇതിന് സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നില്ല. ഈ ഇനത്തില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.

ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാര്‍ പരിശോധിച്ച് തള്ളിയിരുന്നു. വിജിലന്‍സും ഹൈക്കോാടതിയും ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ തള്ളിയിരുന്നു. എന്നാല്‍ സര്‍ക്കാറുമായി ജേക്കബ് തോമസ് ഇടഞ്ഞതോടെ റിപ്പോര്‍ട്ടില്‍ വീണ്ടും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് പുതുതായി കേസ് രജിസ്റ്റര്‍ ചെയ്തത്.

നിലവില്‍ ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണ് ഡി.ജി.പി ജേക്കബ് തോമസ്. സര്‍ക്കാറിനെ വിമര്‍ശിച്ചതിനും അനുമതിയില്ലാതെ പുസ്തകമെഴുതിയതിനുമാണ് സസ്‌പെന്‍ഷന്‍.

 

Latest News