ന്യൂദല്‍ഹി- കടക്കെണിയിലായ ജെറ്റ് എയര്‍വേയ്‌സ് വ്യാഴാഴ്ചത്തെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കി. ആംസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍ എന്നിവിടങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
സര്‍വീസ് നടത്തുന്നതിനാവശ്യമായ ഫണ്ട് ഇല്ലാത്തതാണ് കാരണം. 119 വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് എയര്‍വേസിന്റെ നാലില്‍ മൂന്ന് ഭാഗം വിമാനങ്ങളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല.
അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്താനുള്ള അനുമതി കമ്പനിക്ക് ഉടന്‍ നഷ്ടമാകുമെന്നാണ് സൂചന. രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസ് നടത്താനുള്ള ജെറ്റിന്റെ യോഗ്യത പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കുറഞ്ഞത് 20 വിമാനങ്ങളുള്ള കമ്പനികള്‍ക്കു മാത്രമേ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനുള്ള അനുവാദമുള്ളു. നിലവില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ 14 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനുള്ള യോഗ്യത ജെറ്റ് എയര്‍വേയ്‌സിനുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള നേരത്തെ വ്യക്തമാക്കിയിരുന്നു.
വെള്ളി, ശനി ദിവസങ്ങളിലെ പാരീസ്, ലണ്ടന്‍, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വെള്ളിയാഴ്ചത്തെ മുംബൈ-കൊല്‍ക്കത്ത, കൊല്‍ക്കത്ത-ഗുവാഹത്തി, ഡെറാഡൂണ്‍-കൊല്‍ക്കത്ത സര്‍വീസുകളും ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കിയിട്ടുണ്ട്.