Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.പി: അന്തർധാര സജീവം

മഹാസഖ്യത്തിന് പോറലേൽപിക്കാത്ത വിധം പ്രചാരണ രംഗത്ത് നിലയുറപ്പിക്കാൻ കോൺഗ്രസ് തീരുമാനം  

പുറമേ നിന്ന് നോക്കിയാൽ ഉത്തർപ്രദേശിൽ അതിശക്തമായ ത്രികോണപ്പോരാട്ടമാണ്. ബി.ജെ.പി ഒരു വശത്ത്. മഹാസഖ്യവും കോൺഗ്രസും മറുവശത്ത്. കോൺഗ്രസ് പിടിക്കുന്ന വോട്ടുകൾ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന മനഃപായസമുണ്ണുകയായിരുന്നു ബി.ജെ.പി. എന്നാൽ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം പിന്നിട്ടതോടെ കോൺഗ്രസ് തന്ത്രം മാറ്റുകയാണ്. മഹാസഖ്യത്തിന്റെ സാധ്യതകളെ ഉലയ്ക്കാത്ത രീതിയിൽ മുന്നോട്ടു പോവാനാണ് കോൺഗ്രസിന്റെ തീരുമാനം. 
സഹാറൻപൂർ പോലെയുള്ള ചില മണ്ഡലങ്ങളിൽ കോൺഗ്രസും മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നുണ്ട്. എന്നാൽ എല്ലായിടത്തും ഇതല്ല അവസ്ഥ. 
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്കാ ഗാന്ധിക്കും പടിഞ്ഞാറൻ യു.പിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കും നൽകിയാണ് കോൺഗ്രസ് തുടങ്ങിയത്. 30 സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും 70 ശതമാനം ശ്രമങ്ങളും ഇവിടെ ചെലവിടാനും പാർട്ടി തീരുമാനിച്ചു. ബാക്കി 50 സീറ്റുകളിൽ ചെലവിടുക അവശേഷിച്ച 30 ശതമാനം പണവും ശ്രമങ്ങളും മാത്രമാണ്. ഈ 50 സീറ്റിൽ മഹാസഖ്യത്തെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. 
മൂന്ന് തരത്തിലാണ് കോൺഗ്രസ് 80 സീറ്റുകളെ വേർതിരിക്കുന്നത്. ഒന്ന്, മഹാസഖ്യത്തെ ബാധിക്കാത്ത വിധം ദുർബല സ്ഥാനാർഥികളെ നിർത്തിയവ, രണ്ട്, കോൺഗ്രസിന്റെ ശക്തനായ മുസ്‌ലിം സ്ഥാനാർഥി മഹാസഖ്യത്തിന്റെ വോട്ടുകളും  കോൺഗ്രസിന്റെ ശക്തനായ അമുസ്‌ലിം സ്ഥാനാർഥി ബി.ജെ.പി വോട്ടും വെട്ടിക്കുറക്കുന്ന മണ്ഡലങ്ങൾ, 
മൂന്നാമത്തെ തരം മണ്ഡലങ്ങളിലാണ് സഹകരണം നിലനിൽക്കുന്നത്. 56 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥി മഹാസഖ്യത്തിന്റെ സ്ഥാനാർഥിക്ക് കാര്യമായ ഭീഷണി സൃഷ്ടിക്കില്ല. ചിലതിലെങ്കിലും പരോക്ഷമായി മഹാസഖ്യത്തെ സഹായിക്കുകയും ചെയ്യും. അസംഗഢ്, കനോജ്, മയ്ൻപുരി, ഭാഗ്പത്, മുസഫർനഗർ എന്നീ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. മഹാസഖ്യ നേതാക്കളും കുടുംബാംഗങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളാണ് ഇവ. 
മീററ്റിൽ ഹരേന്ദ്ര അഗർവാളാണ് കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പി സ്ഥാനാർഥി രാജേന്ദ്ര അഗർവാളിനെപ്പോലെ വൈശ്യ സമുദായാംഗമാണ് അദ്ദേഹം. മഹാസഖ്യത്തിന്റെ സ്ഥാനാർഥി ഹാജി മുഹമ്മദ് യാഖൂബാണ്. ഇവിടെ കോൺഗ്രസ് പിടിക്കുന്ന വോട്ടുകൾ ബി.ജെ.പിയുടേതായിരിക്കും. മുസ്‌ലിം, ദളിത്, ജാട്, യാദവ വോട്ടുകൾ യാഖൂബിന് കിട്ടുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തിലെ പകുതിയിലേറെ വോട്ടർമാർ ഈ സമുദായക്കാരാണ്. 
ഗൗതമബുദ്ധ നഗറിൽ കേന്ദ്ര മന്ത്രി മഹേഷ് ശർമ (ബി.ജെ.പി) മഹാസഖ്യത്തിന്റെ സത്ബീർ നഗാറിൽ (ബി.എസ്.പി) നിന്ന് ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്. ഡോ. അരവിന്ദ് ചൗഹാനാണ് കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പിയുടെ താക്കൂർ വോട്ടുകളാണ് ഇദ്ദേഹം കൈക്കലാക്കുക. 
മുസ്‌ലിം, ജാട്ട് ഭൂരിപക്ഷമുള്ള ഖൈറാനയിൽ കോൺഗ്രസ് സ്ഥാനാർഥി ജാട്ട് സമുദായംഗം ഹരേന്ദ്ര മാലിക്കാണ്. ബി.ജെ.പിയുടെ പ്രദീപ് ചൗധരിയും ജാട്ടാണ്. മഹാസഖ്യത്തിനു വേണ്ടി തബസ്സും ഹസൻ മത്സരിക്കുന്നു. 2018 ൽ ഉപതെരഞ്ഞെടുപ്പിൽ തബസ്സും ഈ സീറ്റ് രാഷ്ട്രീയ ലോക്ദൾ ടിക്കറ്റിൽ ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്തതായിരുന്നു. 
2014 ൽ അഞ്ചര ലക്ഷത്തിലേറെ വോട്ടിന് ഗാസിയാബാദിൽ ജയിച്ച കേന്ദ്ര മന്ത്രി വി.കെ. സിംഗിന് ഇത്തവണ മഹാസഖ്യത്തിന്റെ സുരേഷ് ബൻസാലിൽ നിന്ന് വലിയ വെല്ലുവിളിയാണ്. ബ്രാഹ്മണ വോട്ട് ഭിന്നിപ്പിക്കാൻ കോൺഗ്രസ് നിർത്തിയിരിക്കുന്നത് ഡോളി ശർമയെയാണ്. മുസ്‌ലിം, ദളിത്, യാദവ്, ഗുജ്ജാർ വോട്ടുകൾ മഹാസഖ്യത്തിന് കിട്ടുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തിൽ ഈ സമുദായങ്ങൾ 40 ശതമാനത്തിലേറെ വരും. 
അംറോഹയിൽ ജനതാദൾ സെക്യുലറിന്റെ ദാനിഷ് അലിക്കെതിരെ കോൺഗ്രസിനു വേണ്ടി റഷീദ് അലവി നാമനിർദേശ പത്രിക നൽകിയതായിരുന്നു. മുസ്‌ലിം വോട്ട് ഭിന്നിക്കാൻ ഇത് സാഹചര്യമൊരുക്കുമായിരുന്നു. എന്നാൽ കോൺഗ്രസ് തന്ത്രപൂർവം റഷീദ് അലവിയെ പിൻവലിപ്പിച്ചു. സചിൻ ചൗധരിയെ സ്ഥാനാർഥിയാക്കി. 50 ശതമാനത്തിലേറെ മുസ്‌ലിം ഭൂരിപക്ഷമുള്ള സാംഭാലിൽ മേജർ ജെ.പി സിംഗാണ് കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പിയുടെ പരമേശ്വർ ലാൽ സയ്‌നിയുടെ വോട്ടാണ് അദ്ദേഹം പിടിക്കുക. മഹാസഖ്യത്തിനു വേണ്ടി ശഫിഖുറഹ്മാൻ ബർഖ് മത്സരിക്കുന്നു. 
എസ്.പിയുടെ മുസ്‌ലിം മുഖമായ അസം ഖാൻ മത്സരിക്കുന്ന രാംപൂരിലും 50 ശതമാനത്തിനടുത്താണ് മുസ്‌ലിം ജനസംഖ്യ. നടി ജയപ്രദയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. കോൺഗ്രസ് മത്സരിപ്പിക്കുന്നത് സഞ്ജയ് കപൂറിനെയാണ്. 
കോൺഗ്രസ് മുസ്‌ലിം സ്ഥാനാർഥികളെ നിർത്തിയ ഒമ്പത് മണ്ഡലങ്ങളിൽ മഹാസഖ്യവുമായി നേരിട്ട് പോരാട്ടം നടക്കുന്നുണ്ട്. കോൺഗ്രസിന്റെ ഇംറാൻ മസൂദിന് വിജയ സാധ്യതയുള്ള സുൽത്താൻപൂരിൽ ബി.എസ്.പിയുടെ ഹാജി ഫസലുറഹ്മാനാണ് പ്രധാന ഭീഷണി. ബിജ്‌നൂരിൽ കോൺഗ്രസിന്റെ നസീമുദ്ദീൻ സിദ്ദീഖിയും ബി.എസ്.പിയുടെ മലൂക്‌നഗറും തമ്മിൽ നേരിട്ട് പോരാട്ടം നടക്കുന്നു. 
സിദ്ദീഖി നന്നായി വോട്ട് പിടിച്ചാൽ ഇവിടെ ബി.ജെ.പി ജയം സ്വന്തമാക്കിയേക്കും. ബദൗനിൽ അഖിലേഷ് യാദവിന്റെ കസിൻ ധർമേന്ദ്ര യാദവിനെതിരെ കോൺഗ്രസിന് ശക്തനായ മുസ്‌ലിം സ്ഥാനാര്ഥിയാണ് -സലീം അഹ്മദ് ശർവാനി. 
കോൺഗ്രസിന് ശക്തരായ അമുസ്‌ലിം സ്ഥാനാർഥികളുള്ള 15 മണ്ഡലങ്ങളിൽ പലയിടത്തും എസ്.പിയും ബി.എസ്.പിയും ദുർബലരായ സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. മഹാസഖ്യം മത്സരിക്കാത്ത അമേത്തി, റായ്ബറേലി ഉൾപ്പെടെയാണ് ഇത്. കാൺപൂരിൽ കോൺഗ്രസ് നേതാവ് ശ്രീപ്രകാശ് ജയ്‌സ്വാളിന് മഹാസഖ്യത്തിന്റെ രഹസ്യ പിന്തുണയുണ്ട്. കോൺഗ്രസും എസ്.പിയും നേരിട്ട് ഏറ്റുമുട്ടുന്ന എട്ട് സീറ്റിൽ ഒരിടത്തും എസ്.പി മുസ്‌ലിം സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ബദൗനിലും മുറാദാബാദിലും മാത്രമാണ് ഇരു പാർട്ടികളും തമ്മിലുള്ള ശക്തമായ പോരാട്ടം ബി.ജെ.പിയെ സഹായിക്കുക. ദൗരാഹരയിൽ കോൺഗ്രസിന്റെ അർഷദ് അഹ്മദ് സിദ്ദീഖിയുടെ സാധ്യതകൾക്ക് ബി.എസ്.പി വലിയ വെല്ലുവിളിയാവും. 
ദൗരാഹരയിലും സുൽത്താൻപുരിലും ബി.എസ്.പി കോൺഗ്രസിനും ബിജ്‌നൂർ, സിതാപൂർ, സന്ത് കബീർ നഗർ, ദേവരിയ, ഫാറൂഖാബാദ് എന്നിവിടങ്ങളിൽ തിരിച്ചും പാരയാവുന്ന അവസ്ഥയാണ്.  കാൺപൂരിലും ഉന്നാവോയിലും കോൺഗ്രസിന് ബി.എസ്.പി സ്ഥാനാർഥി സഹായകമാവുകയാണ് ചെയ്യുക. 

Latest News