രാജ്യത്ത് അധികമറിയപ്പെടുന്ന നേതാവല്ല ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ. പതിറ്റാണ്ടുകളുടെ പാർട്ടി പാരമ്പര്യമുള്ള കമൽനാഥുമാരും ദ്വിഗ് വിജയ് സിംഗുമാരും അശോക് ഗെഹ്‌ലോതുമാരുമൊക്കെ കോൺഗ്രസിന് മുഖ്യമന്ത്രിമാരായുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിടാൻ ഭൂപേഷ് ഭാഗൽ കഴിഞ്ഞിട്ടേയുള്ളൂ മറ്റാരും. സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിച്ചതിന് മോഡിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ് കൊടുത്തിരിക്കുകയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി.
ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഓരോ തവണ മന്ത്രിയും ഛത്തീസ്ഗഢിൽ കോൺഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷനായതുമൊക്കെയാണ് ഭൂപേഷ് ഭാഗലിന്റെ ചെറിയ പ്രവൃത്തി പരിചയം. ഉന്നതജാതിവിരുദ്ധ നിലപാട് പരസ്യമായി സ്വീകരിക്കാൻ മടിയില്ലാത്തയാളാണ് അദ്ദേഹം.
ബ്യൂറോക്രസിയുടെ അയഞ്ഞ മട്ടുകളെ അക്ഷമയോടെ നേരിടും. പുതിയ ആളുകളെയും ആശയങ്ങളെയും സ്വീകരിക്കാൻ മടിയാണ്. ഗ്രാമീണ ശൈലിയും ഗ്രാമീണ രീതികളിൽ നിന്ന് ആർജിക്കുന്ന കൂർമ ബുദ്ധിയുമാണ് കൈമുതൽ. അടിയുറച്ച കോൺഗ്രസുകാരൻ. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗാണ് ഗുരു.
കഴിഞ്ഞയാഴ്ച കൊച്ചു സംഘം അഭിഭാഷകരുമായി അദ്ദേഹം കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ ദൽഹി ഓഫീസിലെത്തി. ഛത്തീസ്ഗഢിലെ ബലോദിൽ ഏപ്രിൽ ആറിന് മോഡി നടത്തിയ ഹീനമായ പ്രസംഗത്തിനെതിരെ പരാതി നൽകാനാണ് ഭൂപേഷ് ഭാഗൽ ചീഫ് ഇലക്ടറൽ ഓഫീസർ സുബ്രത് സാഹൂവിന്റെ ഓഫീസിൽ എത്തിയത്. പുൽവാമ രക്തസാക്ഷികളുടെയും ബാലാകോട് വ്യോമാക്രമണത്തിന്റെയും പേരിൽ മോഡി നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ സി.ഡി അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു.
പ്രസംഗത്തിൽ അഞ്ചു തവണ മോഡി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി മുഖ്യമന്ത്രി ആരോപിച്ചു. 'തന്റെ അഞ്ചു വർഷ ഭരണത്തിലെ ഒരു നേട്ടം പോലും എടുത്തു കാണിക്കാതിരുന്ന മോഡി സൈന്യത്തിന്റെ ധീരതയും പോരാട്ടവും ചൂണ്ടിക്കാട്ടി തനിക്കു വോട്ടു ചോദിക്കുകയാണ് ചെയ്തത്. പ്രസംഗത്തിലെ ഒരേയൊരു ഊന്നൽ സൈന്യവും സർജിക്കൽ സ്‌ട്രൈക്കും എയർ സ്‌ട്രൈക്കുമൊക്കെയായിരുന്നു. ആർമിയുടെ രക്ഷാകവചമാണ് താനെന്ന് അദ്ദേഹം പ്രസംഗത്തിൽ ആവർത്തിച്ചു. ഇന്ത്യൻ സേനയെ കരുത്തുറ്റതാക്കാനാണ് ബി.ജെ.പി മത്സരിക്കുന്നതെന്നും ദുർബലമാക്കാനാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ പേരിൽ അസംബന്ധ പ്രസ്താവന നടത്തി നേട്ടമുണ്ടാക്കാനാണ് മോഡി ശ്രമിച്ചതെന്ന് ഭാഗൽ ആരോപിച്ചു.
ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. സേനയുടെ നേട്ടങ്ങളെ രാഷ്ട്രീയ കക്ഷക്ഷികളുടെ നേട്ടങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു. ഭീകരർക്കും വിഘടനവാദികൾക്കും കടിഞ്ഞാണിടാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ കോൺഗ്രസ് അവരെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നതിനു വേണ്ടിയാണ് വോട്ട് തേടുന്നതെന്ന് മോഡി പ്രസംഗിച്ചു. സായുധ സേനാ സ്‌പെഷ്യൽ പവർ ആക്ട് (അസ്ഫ്പ) ഭേദഗതി ചെയ്യുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ അദ്ദേഹം ദേശദ്രോഹമായി ചിത്രീകരിച്ചു.
അതിന് ഏതാനും ദിവസം മുമ്പ് ഭൂപേഷ് ഭാഗൽ ആമസോൺ വഴി മോഡിക്ക് ഒരു കണ്ണാടി അയച്ചു കൊടുത്തു. ഓരോ ദിനവും വീട്ടിൽ നിന്ന് ഇറങ്ങുംമുമ്പ് ഇതിൽ നോക്കണമെന്ന് അഭ്യർഥിച്ചു. കണ്ണാടി പ്രധാനമന്ത്രി സ്വീകരിച്ചതായി പിന്നീട് ഭൂപേഷ് ഭാഗൽ ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിയായ ഉടനെ ഭൂപേഷ് ഭാഗൽ ചെയ്ത ആദ്യ നടപടികളിലൊന്ന് മുൻ മുഖ്യമന്ത്രി രമൺസിംഗിനും അനുയായികൾക്കുമെതിരായ കേസുകൾ അന്വേഷിക്കാൻ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് നിർദേശം നൽകുകയാണ്. രമൺ സിംഗിന്റെ മരുമകൻ ഡോ. പുനീത് ഗുപ്ത, പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന അമൻ സിംഗ് എന്നിവർക്കെതിരെയെല്ലാം അന്വേഷണം പുരോഗമിക്കുന്നുണ്ട്. മോഡി സർക്കാർ എൻഫോഴ്‌സ്‌മെന്റിനെയും സി.ബി.ഐയെയും ഉപയോഗപ്പെടുത്തി എതിരാളികളെ വരുതിയിൽ കൊണ്ടുവരുന്ന അതേ തന്ത്രമാണ് ഭൂപേഷ് ഭാഗലും പയറ്റുന്നത്. കേസിൽ പെട്ട ആരും തെരഞ്ഞെടുപ്പ് ചിത്രത്തിലില്ല.
അതേസമയം മുൻഗാമി ശിവരാജ് ചൗഹാന്റെ കാലത്തെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വ്യാപം അഴിമതിയുൾപ്പെടെ ഒട്ടനവധി അഴിമതിക്കേസുകളെക്കുറിച്ച് മിണ്ടാൻ പോലും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ധൈര്യം കാണിച്ചിട്ടില്ല. മൂന്നു മാസ കാലാവധി പൂർത്തിയാവുന്നതിന് മുമ്പ് രമൺ സിംഗിനോടും മുൻ മന്ത്രിമാരോടും സർക്കാർ വസതികൾ വിടാൻ ഭുപേഷ് ഭാഗൽ നിർദേശിച്ചു.
അതേസമയം ഭോപാലിൽ ഇപ്പോഴും ശിവരാജ് ചൗഹാൻ മന്ത്രിസഭയിലെ നിരവധി അംഗങ്ങളും മുതിർന്ന ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളും സർക്കാർ വസതികളിൽ താമസം തുടരുന്നു. രമൺ സിംഗിന് പകരം ഒ.ബി.സിക്കാരനായ നേതാവിനെ കക്ഷി നേതാവായി തെരഞ്ഞെടുത്തപ്പോഴാണ് സംസ്ഥാനത്ത് പ്രതിപക്ഷ നേതാവ് എന്ന പദവി തന്നെ ഭൂപേഷ് ഭാഗൽ അംഗീകരിച്ചത്.
ഛത്തീസ്ഗഢിൽ കഴിഞ്ഞ തവണ ബി.ജെ.പി പത്തും കോൺഗ്രസ് ഒന്നും സീറ്റാണ് നേടിയത്. ഇത്തവണ കാറ്റ് മാറി വീശിയാൽ ഭൂപേഷ് ഭാഗൽ ദേശീയ ശ്രദ്ധ നേടും. യു.പി.എ അവിടെ എട്ട് സീറ്റ് വരെ നേടുമെന്നാണ് തെരഞ്ഞെടുപ്പ് സർവേ പ്രവചിക്കുന്നത്.