മലപ്പുറം- ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് പാക്കിസ്ഥാന്റെ പതാകയുമായുള്ള സാമ്യം രാജ്യത്ത് മറ്റിടങ്ങളില്‍ ആശക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് സെയ്ദ് ഷാനവാസ് ഹുസൈന്‍. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടന മാനിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന വസ്തുത അംഗീകരിക്കുന്നു. എന്നാല്‍ ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്- അദ്ദേഹം പറഞ്ഞു. വയനാട് പാക്കിസ്ഥാനാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിട്ടില്ലെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയോടുള്ള സ്‌നേഹം കൊണ്ടല്ല. വിദ്യാസമ്പന്നരായ കേരളത്തിലെ ജനങ്ങളെ രാഹുലിനു പറ്റിക്കാന്‍ കഴിയില്ല. അധികാരത്തിലിരിക്കുമ്പോള്‍ മലപ്പുറത്തേയും വയനാടിനേയും മറക്കുകയും തെരഞ്ഞെടുപ്പു കാലത്ത് സ്‌നേഹിക്കുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്. ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള കിഷന്‍ഗഞ്ചില്‍ ബിജെപി ജയിച്ചിട്ടുണ്ടെങ്കില്‍ മലപ്പുറത്തും താമര വിരിയും- അദ്ദേഹം പറഞ്ഞു. മോഡി അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ മുസ്ലിം രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും വലിയ ബഹുമതികള്‍ നല്‍കി മോഡിയെ ആദരിച്ചു-അദ്ദേഹം പറഞ്ഞു.