Sorry, you need to enable JavaScript to visit this website.

2004 മറക്കരുത്, അന്ന് വാജ്‌പേയിയും അജയ്യനായിരുന്നു; ബിജെപിയോട് സോണിയാ ഗാന്ധി

റായ്ബറേലി- ബിജെപി ജയിക്കുമെന്ന് പ്രവചിക്കപ്പെട്ട 2004ലെ തെരഞ്ഞെടുപ്പു ഫലം മറക്കരുതെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികസമര്‍പ്പിച്ചു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. മോഡി അജയ്യനാണെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ആയാണ് 2004 മറക്കരുതെന്ന് സോണിയ പറഞ്ഞത്. 'ഒരിക്കലുമില്ല. ഒരിക്കലുമില്ല. 2004 മറക്കരുത്. അന്ന് വാജ്‌പേയിജിയും അജയ്യനായിരുന്നു. പക്ഷെ ജയിച്ചത് ഞങ്ങളാണ്,' സോണിയ പറഞ്ഞു. മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും സോണിയക്കൊപ്പം ഉണ്ടായിരുന്നു. 

തങ്ങള്‍ അജയ്യരാണെന്നും ഇന്തയിലെ ജനങ്ങളേക്കാള്‍ വലിയവരാണെന്നും വിശ്വസിക്കാന്‍ മാത്രം ധിക്കാരമുള്ള നിരവധി പേര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ആരും ജനങ്ങളേക്കാള്‍ വലിയവരല്ലെന്ന് തിരിച്ചറിയാന്‍ അവര്‍ക്കായില്ല. മോഡിജിയുടെ അജയ്യതയും ഈ തെരഞ്ഞെടുപ്പില്‍ ശരിക്കും കാണാം- രാഹുല്‍ പറഞ്ഞു.

2004 മുതല്‍ റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന സോണിയ ഇതു തുടര്‍ച്ചയായ നാലാം തവണയാണ് ഇവിടെ നിന്ന് ജനവിധി തേടുന്നത്. പത്രികാ സമര്‍പ്പണത്തിനു മുമ്പ് മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം പൂജയിലും സോണിയ പങ്കെടുത്തു.

Latest News