Sorry, you need to enable JavaScript to visit this website.

രാഹുലിനു നേര്‍ക്ക് ലേസര്‍: സുരക്ഷാ വീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; വെളിച്ചം മൊബൈലില്‍ നിന്ന്

ന്യൂദല്‍ഹി- അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തലയ്ക്കു നേരെ ലേസര്‍ രശ്മി പതിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഭവം രാഹുലിനെതിരായ വധശ്രമമാണെന്ന സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിവിഐപികളുടെ സുരക്ഷാ ഏജന്‍സിയായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഡയറക്ടറുമായി ബന്ധപ്പെട്ടെന്നും രാഹുലിന് സുരക്ഷാ ഭീഷണികളില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായും മന്ത്രാലയം അറിയിച്ചു. പുറത്തു വന്ന വിഡിയോ വിശദമായി പരിശോധിച്ചെന്നും രാഹുലിന്റെ മേല്‍ പതിച്ച പച്ച വെളിച്ചം കോണ്‍ഗ്രസിന്റെ ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നാണെന്നു വ്യക്തമായതായും എസ്പിജി മേധാവി അറിയിച്ചതായും സര്‍ക്കാര്‍ പറഞ്ഞു. 

അമേഠി കലക്ട്രേറിറ്റിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് രാഹുലിന്റെ തലയില്‍ പച്ച വെളിച്ചം പതിച്ചത്. ഇത് ചിത്രീകരിക്കുകയായിരുന്ന കോണ്‍ഗ്രസിന്റെ തന്നെ ഫോട്ടോഗ്രാഫറുടെ മൊബൈലില്‍ നിന്നാണ് വെളിച്ചം രാഹുലിന്റെ തലയിലേക്ക് അടിച്ചത്. ഈ വെളിച്ചം തോക്കില്‍ നിന്നുള്ളതാകാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പരാതിപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുലിന്റെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചത് സംശയാസ്പദമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കോപ്റ്ററിലെ ഓട്ടോപൈലറ്റ് സംവിധാനത്തിലുണ്ടായ പിഴവായിരുന്നു അതെന്ന് പിന്നീട് ഡിജിസിഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓട്ടോപൈലറ്റ് മോഡില്‍ നിന്നും മാന്വല്‍ മോഡിലേക്ക് മാറ്റിയാണ് കോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കിയത്.
 

Latest News