ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെ വധശ്രമം ഉണ്ടായതായി കോണ്‍ഗ്രസ്. പത്രിക സമര്‍പ്പിച്ച ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രാഹുലിന്റെ തലയ്ക്ക് ഉന്നംപിടിച്ച് പച്ചനിറത്തിലുള്ള ലേസര്‍ ഏഴു തവണ അടിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു കൊലയാളി ഒളിഞ്ഞിരുന്ന് തോക്കുമായി രാഹലിനു നേര്‍ക്കു വെടിയുതിര്‍ക്കാന്‍ ശ്രമിച്ചതാകാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാഹുലിന്റെ തലയില്‍ ലേസര്‍ അടിക്കുന്ന വിഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കണമെന്നും രാഹുലിനു സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ അതു ഇല്ലാതാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഹുലിന്റെ സുരക്ഷാ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കളായ ജയ്‌റാം രമേശ്, അഹമദ് പട്ടേല്‍, രണ്‍ദീപ് സുര്‍ജെവാല എന്നിവര്‍ ഒപ്പുവച്ച പരാതിയാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
തുടര്‍ച്ചയായി ഏഴു തവണയാണ് രാഹുലിന്റെ തലയിലേക്ക് ഒളിത്തോക്കില്‍ നിന്നെന്ന് സംശയിക്കുന്ന ലേസര്‍ വെളിച്ചം പതിച്ചത്. വളരെ ചുരുങ്ങിയ സമയത്തായിരുന്നു ഇത്. മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഈ വിഡിയോ പരിശോധിക്കുകയും ഈ ലേസര്‍ പ്രഥമദൃഷ്ട്യാ തോക്കു പോലുള്ള ആയുധത്തില്‍ നിന്നാണെന്ന സംശയം പ്രകടപ്പിക്കുകയും ചെയ്തതായി കത്തില്‍ നോതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സംഭവം ഞെട്ടലുണ്ടാക്കിയെന്നും കോണ്‍ഗ്രസ് അധ്യക്ഷനെ കൊലയാളി ഉന്നമിടുന്നുവെന്ന സംശയം ജനിപ്പിക്കുകയും ചെയ്‌തെന്നും നേതാക്കള്‍ പറഞ്ഞു.
രാഹുലിന്റെ അച്ഛന്‍ മുന്‍പ്രധാനമനന്ത്രി രാജീവിന്റേയും മുത്തശ്ശി മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും വധങ്ങള്‍ സൂചിപ്പിച്ചാണ് കോണ്‍ഗ്രസ് ഇത് കടുത്ത സുരക്ഷാ ഭീഷണിയാണെന്ന് പരാതിയില്‍ ബോധിപ്പിച്ചത്. ഇത് യുപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും സുരക്ഷ കുറച്ചതിന് ഉത്തരവാദികള്‍ യുപി ഭരണകൂടമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.