ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാക്കിസ്ഥാനും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബാലാക്കോട്ടിൽ പാക്കിസ്ഥാൻ അക്രമണം നടത്തിയത് മോഡിക്ക് വേണ്ടിയാണെന്നും അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് മോഡിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ബാലാക്കോട്ടിൽ ഫെബ്രുവരി 14ന് ഇന്ത്യയുടെ 40 സൈനികരെ പാക്കിസ്ഥാൻ കൊലപ്പെടുത്തിയതെന്ന് എല്ലാവരും ചോദിക്കുന്നുണ്ടെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. ബി.ജെ.പിക്കുള്ള ഓരോവോട്ടും പാക്കിസ്ഥാനുള്ള പിന്തുണയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഡിക്കെതിരെ അക്രമണം ശക്തമാക്കി കെജ്‌രിവാളും രംഗത്തെത്തിയത്.
ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പിൽ ജയിച്ച് വീണ്ടും അധികാരത്തിലേത്തിയാൽ സമാധാന ചർച്ചയ്ക്ക് നല്ല സാധ്യതയുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇന്നലെ പറഞ്ഞിരുന്നു. പ്രതിപക്ഷമായ കോൺഗ്രസാണ് അധികാരത്തിലെത്തുന്നതെങ്കിൽ, വലതുപക്ഷത്തിന്റെ തിരിച്ചടി ഭയന്ന് കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി പ്രശ്‌നപരിഹാരത്തിലെത്താൻ അവർക്ക് ആയേക്കില്ല. ബി.ജെ.പി അധികാരത്തിലെത്തുകയാണെങ്കിൽ ഒരു പക്ഷെ കശ്മീർ പ്രശ്‌നത്തിൽ പരിഹാരത്തിലെത്തിയേക്കാം- വിദേശമാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞത്.
ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കാണേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. മുസ്്‌ലിമായതിന്റെ പേരിൽ ആളുകൾ ആക്രമിക്കപ്പെടുന്ന അവസ്ഥയാണ്. മോഡിയും ഇസ്രായിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ പോലെ ഭയവും ദേശീയ വികാരവും ഇളക്കിവിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇംറാൻ പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിവരുന്ന പ്രത്യേക അധികാരം എടുത്തുമാറ്റുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പു പ്രചാരണത്തിനാണെങ്കിലും ആശങ്കയുണ്ടാക്കുന്നതാണെന്നും ഇംറാൻ പറഞ്ഞിരുന്നു. ഇംറാന്റെ പ്രസ്താവന ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.