ന്യൂദല്‍ഹി- കന്നി വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് പാക്കിസ്ഥാനിലെ ബാലാകോട്ട് വ്യോമാക്രമണം നടത്തിയ ധീരന്മാരായ സൈനികര്‍ക്കും പുല്‍വാമയില്‍ രക്തസാക്ഷികളായ ധീരന്മാര്‍ക്കും സമര്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം ചട്ടം ലംഘിച്ചുള്ളതാണെന്് ഉസ്മാനാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സായുധ സേനകളെ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളാണ് മോഡി ലംഘിച്ചത്.
ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട് സംസ്ഥാന ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
സംഭവത്തില്‍ മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വോട്ടു ചെയ്തു രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തീരാനായിരുന്നു കന്നി വോട്ടര്‍മാരോടു പ്രധാനമന്ത്രിയുടെ ആഹ്വാനം.
ഉസ്മാനാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ ആദ്യമായി പ്രധാനമന്ത്രി മോഡിയോട് വിശദീകരണം ചോദിക്കും. തീരുമാനം ഈയാഴ്ച തന്നെ ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
നിങ്ങള്‍ പതിനെട്ടു വയസ് പിന്നിട്ടിരിക്കുകയാണ്. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനും ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും വേണ്ടിയാകണം നിങ്ങളുടെ വോട്ട്. പാവപ്പെട്ടവനു ഒരു വീട് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാകണം നിങ്ങളുടെ വോട്ട്. കര്‍ഷകരുടെ കൃഷിയിടത്തില്‍ വെളളമെത്തുന്നതിനു വേണ്ടിയാകണം നിങ്ങളുടെ വോട്ട്- മോഡി പറഞ്ഞു. നിങ്ങളുടെ കന്നി വോട്ട് പുല്‍വാമയിലെ ധീര രക്തസാക്ഷികള്‍ക്കും ബാലാകോട്ടില്‍ പാക്കിസ്ഥാനു ഉചിതമായ മറുപടി നല്‍കിയ വൈമാനികര്‍ക്കും രേഖപ്പെടുത്താന്‍ തയാറുണ്ടോയെന്നും പ്രധാനമന്ത്രി ചോദിച്ചു.
നേരത്തെ ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തെരഞ്ഞെടുപ്പു റാലികളില്‍ സൈനികരെ മോഡി സേനഎന്നു വിശേഷിപ്പിച്ചതിനു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു.