Sorry, you need to enable JavaScript to visit this website.

പൈലറ്റുമാര്‍ക്ക് വോട്ട് സമര്‍പ്പിക്കണമെന്ന് മോഡി; ബാലാക്കോട്ടെ കാഴ്ചകള്‍ കാണിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്- ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞ ഫെബ്രുവരിയില്‍ ആക്രമണം നടത്തിയ ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമങ്ങളേയും ഡിഫന്‍സ് അറ്റാഷെമാരേയും പാക്കിസ്ഥാന്‍ അനുവദിച്ചു. കശ്മീരിലെ പുല്‍വാമയില്‍ ആക്രമണം നടത്തിയ ജെയ്‌ശെ മുഹമ്മദിലെ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്ന ബാലാക്കോട്ടെ മദ്രസയിലേക്കാണ് അന്താരാഷ്ട മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുപോയത്. കേടുപാടുകളൊന്നുമില്ലാത്ത വലിയ കെട്ടിടം ഭീകരര്‍ പരിശീലന കേന്ദ്രമായി ഉപയോഗിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന്‍ സേന അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തുടങ്ങിയ ദിവസമാണ് പാക്കിസ്ഥാന്‍ വിദേശ മാധ്യമ സംഘത്തെ ബാലാകോട്ട് സന്ദര്‍ശിക്കാന്‍ അനുവദിച്ചതെന്ന പ്രത്യേകതയുണ്ട്.
 
ഫെബ്രുവരി 26-ന് ഇന്ത്യ ബോംബിട്ടത് കാലി സ്ഥലത്താണെന്നും ആര്‍ക്കും പരിക്കില്ലെന്നുമാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇതു സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പ്രസ്താവനാ യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല.

പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു തിരിച്ചടിയായി ജെയ്‌ശെ മുഹമ്മദ് കേന്ദ്രം ആക്രമിച്ച് നിരവധി ഭീകരരെ കൊലപ്പെടുത്തിയെന്ന വാദത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെ അടുത്ത കാലത്തുനടന്നതില്‍ വെച്ച് ഏറ്റവും വലിയ ഭീകരാക്രമണം ഇന്ത്യയേയും പാക്കിസ്ഥാനേയും യുദ്ധത്തിന്റെ വക്കില്‍ എത്തിച്ചിരുന്നു.

പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ സംസ്ഥാനത്ത് ഉള്‍പ്പെടുന്ന ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ബോംബാക്രമത്തിലുണ്ടായ ഇടത്തരം ഗര്‍ത്തമാണ് മാധ്യമ പ്രവര്‍ത്തകര്‍ കണ്ടത്. ഒരു വീടിന് ചെറിയ കേടുപാടുണ്ടെന്നും ഒരാള്‍ക്കാണ് പരിക്കേറ്റതെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബാക്രമണത്തില്‍ നിലംപതിച്ച മരങ്ങളും മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു. ഖുര്‍ആന്‍ പഠിപ്പിക്കുന്ന മദ്രസയും സന്ദര്‍ശിച്ചതായി മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. 2500 കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമുള്ള വലിയ കെട്ടിടമാണിത്.  ഭീകരപരിശീലന കേന്ദ്രമായിരുന്നുവെന്ന ഇന്ത്യയുടെ ആരോപണം വസ്തുതാപരമല്ലെന്നും ആക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടില്ലെന്നും പാക്കിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജന. ആസിഫ് ഗഫൂര്‍ പറഞ്ഞു.

പള്ളിയിലും മദ്രസയിലുമായി 150-200 കുട്ടികള്‍ ഖുര്‍ആന്‍ പഠിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു. അതേസമയം, ആക്രമണത്തിനുശേഷം മദ്രസ അടിച്ചിട്ടിരിക്കയായിരുന്നുവെന്ന് ഒരു അധ്യാപകനും വിദ്യാര്‍ഥിയും ബി.ബി.സി ലേഖകനോട് പറഞ്ഞു. അഭിമുഖം നടത്താന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നെങ്കിലും കൂടുതല്‍ സമയം നല്‍കിയിരുന്നില്ല.

ഇന്ത്യന്‍ ആക്രമണം നടന്ന് 43 ദിവസങ്ങള്‍ പിന്നിട്ടതിനുശേഷം ബാലാക്കോട്ട് രാജ്യാന്തര മാധ്യമസംഘത്തിന് പ്രവേശനം അനുവദിച്ചത്.

ഫെബ്രുവരി 26 ന് ഭീകരര്‍ക്കെതിരെ നടത്തിയ ആക്രമണം ഉദ്ദേശിച്ച ഫലം ചെയ്തുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബാലാക്കോട്ട് വ്യോമാക്രമണം ബി.ജെ.പി വ്യാപകമായി ഉപയോഗിച്ചിരുന്നു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ തങ്ങളുടെ സമ്മതിദാനാവകാശം ആക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുമാര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് പ്രധാനമന്ത്രി മോഡി ആഹ്വാനം ചെയ്തത്.

 

 

 

Latest News