ജിദ്ദ - പിഴകളും മറ്റു ശിക്ഷകളും കൂടാതെ നിയമ ലംഘകർക്ക് രാജ്യം വിടുന്നതിന് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഒരു ലക്ഷത്തിലേറെ നിയമ ലംഘകർ ഇതുവരെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതായി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ അറിയിച്ചു. തിങ്കളാഴ്ച വരെ 4,04,253 നിയമ ലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഫൈനൽ എക്‌സിറ്റ് നേടി.
ഇക്കൂട്ടത്തിൽ ഒരു ലക്ഷത്തിലേറെ പേർ സൗദി അറേബ്യ വിട്ടു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്ന നിയമ ലംഘകരെ സ്വീകരിക്കുന്നതിന് എല്ലാ പ്രവിശ്യകളിലും ഒന്നിലധികം കേന്ദ്രങ്ങൾ ജവാസാത്ത് സജ്ജീകരിച്ചിട്ടുണ്ട്. പൊതുമാപ്പിൽ അവശേഷിക്കുന്ന 13 ദിവസങ്ങൾ നിയമ ലംഘകർ എത്രയും വേഗം പ്രയോജനപ്പെടുത്തണം.
തടവ്, പിഴകൾ, ഫീസുകൾ, വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് എന്നീ ശിക്ഷകളിൽനിന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന നിയമ ലംഘകരെ ഒഴിവാക്കിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിച്ചാലുടൻ നിയമ ലംഘകർക്കു വേണ്ടി രാജ്യമെങ്ങും ശക്തമായ റെയ്ഡുകൾ ആരംഭിക്കും.
നിയമ ലംഘകർക്കെതിരെ തടവും പിഴയും പ്രവേശന വിലക്കും നാടുകടത്തലും അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് ഇടയാക്കുന്ന ഒരുവിധ സഹായ സൗകര്യങ്ങളും നിയമ ലംഘകർക്ക് ചെയ്തുകൊടുക്കരുത്. ഇങ്ങനെ നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്കും തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും.
പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി ഫൈനൽ എക്‌സിറ്റ് നേടിയവർ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടണം. അല്ലാത്ത പക്ഷം ഇവരെ വീണ്ടും നിയമ ലംഘകരായി കണക്കാക്കി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജവാസാത്ത് മേധാവി പറഞ്ഞു.
മക്ക പ്രവിശ്യയിൽ നിയമ ലംഘകരെ സ്വീകരിക്കുന്ന ശുമൈസി കേന്ദ്രം ജവാസാത്ത് മേധാവി തിങ്കളാഴ്ച സന്ദർശിച്ചു.