Sorry, you need to enable JavaScript to visit this website.

റഫാല്‍ ഇടപാട്: സുപ്രീം കോടതിയില്‍ പൊളിഞ്ഞത് സര്‍ക്കാരിന്റെ വിചിത്ര വാദങ്ങള്‍

ന്യൂദല്‍ഹി- റഫാല്‍ ഇടപാടിലെ ക്രമക്കേടുകളും പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ഇടപെടലുകളും ചൂണ്ടിക്കാട്ടി ദ ഹിന്ദു പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ മോഷ്ടിച്ചതാണെന്ന സര്‍ക്കാരിന്റെ വാദമാണ് ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് ജോസഫിന്റെയും വിധികളില്‍ ആദ്യമേ നിരസിച്ചത്.
ഹിന്ദു ദിനപ്പത്രവും വാര്‍ത്താ പോര്‍ട്ടലായ ദി വയറും രേഖകള്‍ പ്രസിദ്ധപ്പെടുത്തിയത് ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. രേഖകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും വാര്‍ത്തകള്‍ പുറത്തുവിടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുന്ന ഒരു നിയമവും പാര്‍ലമെന്റ് പാസാക്കിയിട്ടില്ല.
ഇത്തരം സംഭവങ്ങളില്‍ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച നിരവധി ഉത്തരവുകള്‍ സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അമേരിക്കയിലെ പെന്റഗണ്‍ പേപ്പറുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് വിലക്കാന്‍ വിസമ്മതിച്ച യുഎസ് സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് വിശദമാക്കി. രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനു പിന്നില്‍ ഹരജിക്കാരുടെ ഗൂഡാലോചനയുണ്ടെന്നുമുള്ള വാദങ്ങളിലും കഴമ്പില്ല.
അതുപോലെ റഫാല്‍ ഇടപാടിലെ രേഖകള്‍ക്ക് ഔദ്യോഗിക സുരക്ഷാ നിയമത്തിന്റെ പരിരക്ഷയുണ്ടെന്ന വാദത്തെയും കോടതി പൂര്‍ണമായി തള്ളിക്കളഞ്ഞു. ഏതെങ്കിലും രേഖകള്‍ രഹസ്യമെന്നു കാട്ടി പ്രസിദ്ധീകരിക്കുന്നതു വിലക്കാനോ കോടതിക്ക് മുന്നില്‍ വെക്കാതിരിക്കാനോ എക്‌സിക്യൂട്ടീവിനു പാര്‍ലമെന്റ് അധികാരം നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇതിനകം പൊതുജനങ്ങളുടെ മുന്നിലെത്തിയ രേഖകള്‍ക്ക് പ്രത്യേക പരിരക്ഷ അവകാശപ്പെടാനാവില്ല. അത്തരം രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്ന സര്‍ക്കാരിന്റെ വാദം പൊതുതാല്‍പര്യത്തിനു വിരുദ്ധവുമാണ്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ പെടുത്തി വിവരാവകാശത്തിനു ബാധകമാക്കാതിരിക്കുന്നത് നീതിയുക്തമല്ലെന്നും പൊതുതാല്‍പര്യത്തിനു വിരുദ്ധമാണെന്നും സുപ്രധാന വിധിയില്‍ പറയുന്നു.
ചോര്‍ന്നു കിട്ടിയ രേഖകള്‍ ആണെങ്കിലും പോലും അവ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കാനാവില്ല. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിരക്ഷ ഉണ്ടെന്ന വാദം അഴിമതി, മനുഷ്യാവകാശ ലംഘനം എന്നി വിഷയങ്ങളില്‍ ബാധകമാകില്ല. ഇത്തരം കാര്യങ്ങളില്‍ വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ തേടാനാകും. പുനഃപരിശോധന ആവശ്യപ്പെടുന്ന ഹരജികളില്‍ ഉന്നയിക്കുന്നത് ഉന്നത അധികാര കേന്ദ്രങ്ങളില്‍ ഗുരുതര സ്വഭാവത്തിലുള്ള തെറ്റായ ചെയ്തികള്‍ നടന്നുവെന്നാണ്. അഴിമതി നിരോധന നിയമ പ്രകാരം നടപടി വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യമെന്നും ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടുന്നു.

 

Latest News