പട്‌ന- രാജ്യത്തെ ഏറ്റവും പ്രശസ്തനായ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ രണ്ടു വര്‍ഷത്തെ വുരമാനമായി തന്റെ കൈയില്‍ എട്ടര ലക്ഷം രൂപയുണ്ടെന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി. ബിഹാറിലെ ബെഗുസറായി മണ്ഡലത്തില്‍ മത്സരിക്കുന്ന കനയ്യ കുമാറിനെതിരെ അഞ്ച് കേസുകളുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഈ കേസുകളാണ് കനയ്യയെ പ്രശസ്തനാക്കിയത്.
ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ നേതാവായിരുന്ന കനയ്യയെ ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ഥി നേതാക്കളോടൊപ്പം 2016 ഫെബ്രുവരിയിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. തൂക്കിലേറ്റപ്പെട്ട പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നായിരുന്നു കേസ്.
സി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കനയ്യ കുമാര്‍ ബി.ജെ.പി സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനോടും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ഥി തന്‍വീര്‍ ഹസനോടുമാണ് ഏറ്റുമുട്ടുന്നത്. ആര്‍.ജെ.ഡിയുടെ ശക്തികേന്ദ്രമാണ് ബെഗുസറായി.
സ്ഥിരം തൊഴിലില്ലെന്നും വിവിധ സര്‍വകശാലാകളില്‍ ഗസ്റ്റ് ലക്ചററായി പോയും ലേഖനങ്ങള്‍ എഴുതിയുമാണ് ജീവിക്കുന്നതെന്നും കനയ്യകുമാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ബിഹാര്‍ ടു തിഹാര്‍ എന്ന തന്റെ പുസ്‌കതത്തില്‍നിന്നാണ് പ്രധാന വരുമാനമെന്നും കനയ്യ കുമാര്‍ വെളിപ്പെടുത്തി. കൈയില്‍ 24,000 രൂപയും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലായി 3,57,848 രൂപയുമുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ നല്‍കിയ കണക്ക്.
ബിഹാറിലെ ബെഗുസറായിയില്‍ തറവാട് വീടുണ്ടെന്നും രണ്ട് ലക്ഷം രൂപ വില വരുന്ന ഭൂമിയുണ്ടെന്നും കൃഷി ഭൂമിയില്ലെന്നും വെളിപ്പെടുത്തിയ സത്യവാങ്മൂലത്തില്‍ പിതാവ് കര്‍ഷകനും മാതാവ് അങ്കണ്‍വാടി ജീവനക്കാരിയാണെന്നും പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാവങ്ങളില്‍ പാവമല്ല കനയ്യ കുമാര്‍. തെലങ്കാനയിലെ ചെവെല്ല ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന ജെ.ഡി.യു സ്ഥാനാര്‍ഥി നല്ല പ്രേം കുമാറിന്റെ ആസ്തി വെറും 500 രൂപയാണ്. ഒഡീഷയിലെ കൊറാപുട് മണ്ഡലത്തില്‍ മത്സരിക്കുന്ന രാജേന്ദ്ര കേന്‍ഡ്രകയുടെ ആസ്തി 565 രൂപയാണ്. നേരത്തെ മാവോയിസ്റ്റ് അനുഭാവിയായിരുന്ന ഈ 27 കാരന്‍ മഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് സി.പി.എ എം.എല്‍ ടിക്കറ്റിലാണ് മത്സരിക്കുന്നത്.