ന്യൂദല്‍ഹി- ഇന്ത്യയില്‍ നരേന്ദ്ര മോഡി വീണ്ടു അധികാരത്തില്‍ വന്നാലെ സമാധാന ചര്‍ച്ചയ്ക്ക് സാധ്യതയുള്ളൂവെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പ്രസ്താവന മോഡിയേയും ബിജെപിയേയും കൊട്ടാന്‍ പ്രതിപക്ഷത്തിനു ലഭിച്ച നല്ലവടിയായി. പ്രതിപക്ഷം സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയാണെന്ന് ഇടയ്ക്കിടെ ആരോപണമുന്നയിക്കാറുള്ള മോഡിയെ പാക് പ്രധാനമന്ത്രി പരസ്യമായി പിന്തുണച്ചതിനെ പരിഹസിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ ട്രോള്‍ പോസ്റ്റുകള്‍ ട്വിറ്ററില്‍ വൈറലായി. കോണ്‍ഗ്രസ് നേതാക്കളും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ് രിവാള്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരാണ് മോഡിയേയും അനുയായികളേയും ട്രോളിയത്.
പാക്കിസ്ഥാന്‍ മോഡിക്കൊപ്പമാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മോഡിക്കുള്ള വോട്ട് പാക്കിസ്ഥാനു കൂടിയുള്ളതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ട്വീറ്റ് ചെയ്തു. ആദ്യം നവാസ് ശരീഫിനൊപ്പമായിരുന്നു മോഡി. ഇപ്പോള്‍ ഇംറാന്‍ ഖാനാണ് സുഹൃത്ത്. രഹസ്യം പുറത്തായി- അദ്ദേഹം പറഞ്ഞു.
മോഡിയെ പരസ്യമായി പിന്തുണച്ചതോടെ ഇംറാന്‍ ഖാനെ തള്ളണോ കൊള്ളണോ എന്നറിയാതെ ഭക്തര്‍ തലചൊറിയുകയാണെന്ന് കശ്മീരിലെ മുന്‍ ബിജെപി സഖ്യകക്ഷി നേതാവു കൂടിയായ മെഹബുബ മുഫ്തി പരിഹസിച്ചു.
പാക്കിസ്ഥാനും പാക് അനുകൂലികളുമാണ് ബിജെപി തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്നതെന്നാണ് മോഡി രാജ്യത്തോട് പറയാറുള്ളത്. ഇപ്പോള്‍ മോഡിക്ക് ഇംറാന്‍ ഖാന്റെ പിന്തുണയും ലഭിച്ചിരിക്കുന്നു- ഉമര്‍ അബ്ദുല്ല പറഞ്ഞു.
മോഡി ജയിക്കണമെന്ന് പാക്കിസ്ഥാന്‍ എന്തുകൊണ്ട് ആഗ്രഹിക്കുന്നു? പാക്കിസ്ഥാനുമായുള്ള പ്രധാനമന്ത്രി മോഡിയുടെ ബന്ധം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് അദ്ദേഹം രാജ്യത്തോട് പറയണം. മോഡി ജയിച്ചാല്‍ പടക്കം പൊട്ടുക പാക്കിസ്ഥാനിലായിരിക്കുമെന്ന് എല്ലാം ഇന്ത്യക്കാരും അറിയുക- അരവിന്ദ് കേജ് രിവാള്‍ ട്വീറ്റ് ചെയ്തു.