ന്യൂദല്‍ഹി- റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് പുറത്തു വന്ന രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക എതിര്‍പ്പ് സുപ്രീം കോടതി തള്ളി. രേഖകള്‍ പുനഃപരിശോധനാ ഹരജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. റഫാല്‍ അഴിമതി ആരോപണക്കേസില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഡിസംബര്‍ 14-ലെ സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് സുപ്രീം കോടതി തീരുമാനം. ഈ ഹരജികളില്‍ വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ ദുരുദ്ദേശ്യത്തോടെയാണെന്നും പൊതുസമൂഹത്തിന്റെ മുന്നിലുള്ള രേഖകള്‍ കോടതിക്ക് എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്നുമുള്ള ചോദ്യമാണ് ഹരജിക്കാര്‍ ഉന്നയിച്ചത്. റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ചര്‍ച്ചാ സംഘത്തിനു സമാന്തരമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് ഫ്രാന്‍സുമായി ചര്‍ച്ച നടത്തിയെന്നു വ്യക്തമാക്കുന്നതാണ് രേഖകളിലെ മുഖ്യ വെളിപ്പെടുത്തല്‍. ഈ കേസില്‍ ഭിന്ന വിധി ഇല്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വിധിയെ ബെഞ്ചിലെ മറ്റു ജഡ്ജിമാരായ ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരും പിന്തുണച്ചു.
പുറത്തായ രേഖകള്‍ തെളിവായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരുമായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ദി ഹിന്ദു ദിനപത്രമാണ് മോഡി സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രതിരോധ മന്ത്രാലയത്തിലെ ഔദ്യോഗിക രേഖകള്‍ പുറത്തു കൊണ്ടു വന്നത്. ഇവ കോടതി തെളിവായി പരിഗണിക്കും. ഇവ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട രേഖകളാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. പ്രധാനമന്ത്രി മോഡിയുടെ ഓഫീസ് നടത്തുന്ന സമാന്തര ചര്‍ച്ചയോട് എതിര്‍പ്പ് വ്യക്തമാക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകളാണ് ഹിന്ദു പുറത്തു കൊണ്ടുവന്നിരുന്നത്. ഇവ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കണെന്നാവശ്യമപ്പെട്ട് ഹരജിക്കാര്‍ രംഗത്തെത്തിയത്.
ഔദ്യോഗിക രഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധരേഖകള്‍ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ അതിന്റെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നു പ്രതിരോധ രേഖകളെ ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില് വാദിച്ചിരുന്നു. ഹരജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ അതീവ രഹസ്യ രേഖകളാണെന്നും ദേശീയ സുരക്ഷ സംബന്ധിച്ചവയാണെന്നും ഇവ പകര്‍പ്പെടുത്തവര്‍ ദേശീയ സുരക്ഷ അപകടത്തിലാക്കുകയാണ് ചെയ്തതെന്നും കേന്ദ്രം വാദിച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളിയതോടെ കേന്ദ്രം വെട്ടിലായിരിക്കുകയാണ്.