ജിദ്ദ- കുവൈത്തില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ 44 ഇന്ത്യക്കാരടക്കം 52 പേരുടെ പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു. 21 പേര്‍ മലയാളികളാണ്. അവശേഷിക്കുന്നവര്‍ ഈജിപ്ത്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യക്കാരാണ്. കുവൈത്തില്‍നിന്ന് ബസ് മാര്‍ഗം എത്തിയ സംഘത്തിന്റെ ഏജന്‍സിക്കു വന്ന പിഴവാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
മക്കയില്‍ ഹോട്ടലില്‍ എത്തിയ ശേഷമാണ് പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായത്. സാമൂഹ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രശ്‌നത്തില്‍ ഇടപെടുകയും പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തി വരികയുമാണ്. കുറഞ്ഞ അവധിക്ക് ഉംറ നിര്‍വഹിച്ച് മടങ്ങാന്‍ വന്നവര്‍ രേഖകള്‍ ശരിയാക്കി ഇനി എന്നു മടങ്ങാനാവുമെന്നറിയാതെ ആശങ്കയിലാണ്. പലരുടേയും ജോലി പോലും നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. മാത്രമല്ല, പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലുമാണ്.
അതിര്‍ത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബസ് ഡ്രൈവറാണ് എല്ലാവരുടേയും പാസ്‌പോര്‍ട്ട് സൂക്ഷിച്ചിരുന്നത്. മക്കയില്‍ താമസ സ്ഥലത്തെത്തിയപ്പോള്‍ പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിച്ചിരുന്ന കവര്‍ അവിടെ ഉണ്ടായിരുന്ന ബന്ധപ്പെട്ടവരെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഹോട്ടലിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ പാസ്‌പോര്‍ട്ട് അടങ്ങിയ കവര്‍ ഹോട്ടലില്‍ ഏല്‍പ്പിക്കുന്നതായും ദൃശ്യത്തിലുണ്ട്. അതിനു ശേഷം പാസ്‌പോര്‍ട്ടിന് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് നിശ്ചയമില്ല. മാലിന്യം നീക്കം ചെയ്തപ്പോള്‍ ഇതും പെട്ടതായാണ് സംശയം.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട കാര്യം ആദ്യം ഏജന്‍സി തീര്‍ഥാടകരില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു. വിവരമറിഞ്ഞ കോണ്‍സുലേറ്റ് അധികൃതര്‍ മക്കയിലെ തീര്‍ഥാടകരുടെ താമസസ്ഥലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചു. പക്ഷേ ഇത്രയും പേരുടെ പാസ്‌പോര്‍ട്ട് ഒരുമിച്ച് വളരെ പെട്ടെന്ന് ശരിയാക്കി നല്‍കുക പ്രായോഗികമല്ല. മാത്രമല്ല, കുവൈത്ത് വിസ സ്റ്റാമ്പ് ചെയ്യലും പ്രശ്‌നമാകും. നാട്ടില്‍നിന്ന് വിസിറ്റിംഗ് വിസയില്‍ കുവൈത്തിലെത്തിയവരും ഇക്കൂട്ടത്തിലൂണ്ട്. ഇവരുടെ രേഖകള്‍ ശരിയാക്കലും സങ്കീര്‍ണമാണ്. ഒ.ഐ.സി.സി നേതാവ് കെ.ടി.എ മുനീര്‍ വഴിയാണ് വിവരം പുറത്തറിഞ്ഞത്.