കൊച്ചി- കൊച്ചി ഇൻഫോപാർക്കിൽനിന്ന് മുന്നറിയിപ്പോ നോട്ടീസോ നൽകാതെ ഐ.ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. അമേരിക്കൻ കമ്പനിയായ സെറോക്‌സിന്റെ സഹസ്ഥാപനമായ കോണ്ടുവെന്റ് കമ്പനിയാണ് ഒരു മാനദണ്ഡവും പാലിക്കാതെ 30 ജീവനക്കാരെ ഒറ്റ ദിവസം പിരിച്ചുവിട്ടത്. ഡാട്ട്നെറ്റ് ജാവാ ഡെവലപ്മെന്റ് ടീമായ ബക്കിൽ (ആൗരസ)നിന്നു മാത്രം 14 പേരെ പിരിച്ചുവിട്ടു. ഇതോടെ ഇൻഫോപാർക്കിൽ വിവിധ കമ്പനികളിൽനിന്ന് ഈയിടെ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം അഞ്ഞൂറിലേറെയായി. ടി.സി.എസിൽനിന്നു മാത്രം 200 പേരെ പിരിച്ചുവിട്ടിരുന്നു.
സെറോക്‌സ് കമ്പനി കോണ്ടുവെന്റ് ആയതിന്റെ ബ്രാൻഡിങ് ചടങ്ങുകൾ സിയാൽ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വലിയ ആഘോഷമായി നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത് പിറ്റേദിവസം കമ്പനിയിൽ ജോലിക്കെത്തിയപ്പോഴാണ് പിരിച്ചുവിട്ടതറിഞ്ഞതെന്ന് ജീവനക്കാർ പറയുന്നു. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ഓരോരുത്തരെയായി എച്ച്.ആർ റൂമിലേക്കു വിളിപ്പിച്ച് 'നിങ്ങളെ കമ്പനിയിൽനിന്ന് പിരിച്ചുവിടുകയാണ്. നഷ്ടപരിഹാരമായി രണ്ടു മാസത്തെ ശമ്പളം തരാം. അടുത്ത ദിവസം മുതൽ ജോലിക്കു വരേണ്ട' എന്നും അറിയിക്കുകയായിരുന്നു. എച്ച്.ആർ റൂമിൽനിന്നിറങ്ങിയ ജീവനക്കാർക്ക് പിന്നീട് മെഷീൻ ആക്‌സസോ മുറിക്കുള്ളിൽ ലോഗിൻ ചെയ്യാനോ കഴിഞ്ഞില്ല. കമ്പനിയിൽനിന്ന് രാജിവെക്കണമെങ്കിൽ രണ്ടു മാസത്തെ മുൻകൂർ നോട്ടീസ് ആവശ്യപ്പെടുന്ന കമ്പനിയാണ് ഒരു നോട്ടീസും ഇല്ലാതെ ജീവനക്കാരെ പിരിച്ചുവിട്ടത്. എന്തു കാരണം കൊണ്ടാണെന്നോ, പിരിച്ചുവിടേണ്ടവരെ നിശ്ചയിച്ചത് ഏതു മാനദണ്ഡം ഉപയോഗിച്ചാണെന്നോ പോലും ജീവനക്കാർക്ക് അറിയില്ല. പിരിച്ചുവിട്ടവരിൽ 12 വർഷം സർവീസുള്ളവർ വരെ ഉണ്ട്.
കമ്പനിക്ക് ഇനി മുതൽ പുതിയ വർക്കിങ് മോഡലാകുമെന്നും അതിനനുസരിച്ച് ടീമിനെ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്ടുവെന്റിലെ ഉന്നത ഉദ്യോഗസ്ഥർക്ക് യു.എസ് ആസ്ഥാനത്തുനിന്ന് മെയിൽ വന്നതായി മാനേജർമാർ സ്ഥിരീകരിക്കുന്നു. സെറോക്സ് വിഭജിച്ച് കോണ്ടുവെന്റ് രൂപീകരിച്ചപ്പോൾ തന്നെ ജീവനക്കാരിൽ പലരും അപകടം മണത്തിരുന്നു. കൊച്ചിയിലെ ഏതാണ്ട് 90 ശതമാനം ജീവനക്കാരെയും കോണ്ടുവെന്റിന്റെ കീഴിലേക്കു മാറ്റി. 4000 പേരുണ്ടായിരുന്ന സെറോക്സിൽ ഇപ്പോൾ ജീവനക്കാരായി 200 ഓളം പേർ മാത്രമാണുള്ളത്. ബാക്കിയുള്ളരെ കോണ്ടുവെന്റിലേക്കു മാറ്റി. രണ്ടു വർഷമായി ഇൻഫോപാർക്കിലെ കമ്പനികളിൽനിന്ന് പിരിച്ചുവിടൽ നടക്കാറുണ്ടെങ്കിലും ഒരു മാനദണഡവും പാലിക്കാതെയുള്ള പിരിച്ചുവിടൽ ആദ്യമാണെന്ന് ഇൻഫോപാർക്കിലെ ജീവനക്കാർ പറയുന്നു. ഇത് ഇൻഫോപാർക്കിലെ 25,000 ത്തോളം ജീവനക്കാരിലാകെ വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കിയതായും ജീവനക്കാർ പറഞ്ഞു.