ന്യൂദല്‍ഹി- നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനം. ഇക്കാര്യം ഉടന്‍ എറണാകുളത്തെ വിചാരണ കോടതിയെ അറിയിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന ഹരജിയില്‍ തീരുമാനമാകുന്നതുവരെ കുറ്റം ചുമത്തരുതെന്നാണ് ദിലീപും ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ നിലപാട് രേഖപ്പെടുത്തിയ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്, ദിലീപിന്റെ ഹരജിയില്‍ വാദം കേള്‍ക്കുന്നത് മേയ് ഒന്നിലേക്കു മാറ്റി.
മെമ്മറി കാര്‍ഡ് ഏതു തരം തെളിവാണെന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സിആര്‍പിസി 207 പ്രകാരമുള്ള രേഖയല്ലെന്നും അതിനാല്‍ പകര്‍പ്പ് നല്‍കാനാവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. സിആര്‍പിസി 207 പ്രകാരം മെമ്മറി കാര്‍ഡ് പരിഗണിക്കണമെന്നും പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപും വാദിക്കുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.