ജമൂയി ബിഹാറിലെ തീപ്പാറും പോരാട്ടത്തിന്റെ നേർചിത്രമായി മാറുന്നു. രാംവിലാസ് പസ്വാന്റെ പുത്രനും ലോക്ജനശക്തി പാർട്ടി സ്ഥാനാർഥിയുമായ ചിരാഗ് പസ്വാൻ ഇവിടെ വെള്ളം കുടിക്കുകയാണ്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ പാർട്ടി സ്ഥാനാർഥികളെ തിരിഞ്ഞുനോക്കാൻ പോലും ചിരാഗിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തി.
മോഡി തരംഗത്തിലേറി കഴിഞ്ഞ തവണ ചിരാഗ് അനായാസം ജയിച്ച് രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ മണ്ഡലമാണ് ജമൂയി. കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ മകൻ അഭിനേതാവായാണ് ആദ്യ പരീക്ഷണം നടത്തിയത്. പ്രശസ്ത ബോളിവുഡ് നടി കംഗണ റണാവത്തുമൊത്തുള്ള ന മിലേ ഹം എന്ന സിനിമയിലെ അഭിനയം ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും സിനിമ എട്ടുനിലയിൽ പൊട്ടി. ജമൂയിയിൽ 2014 ൽ 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുപ്പത്താറുകാരൻ ജയിച്ചു.
നിതിഷ്‌കുമാർ ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചെത്തിയതോടെ മഹാദളിതുകളുടെ വോട്ടുകൾ ചിരാഗിന് ലഭിക്കുമെന്നാണ് സൂചന. മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ മണ്ഡലത്തിൽ അത് നിർണായകമാവും.
2008 ൽ മണ്ഡലം നിലവിൽ വന്ന ശേഷം ആദ്യമായി എൽ.ജെ.പി ടിക്കറ്റിൽ ജയിച്ച ബുദേവ് ചൗധരിയാണ് ഇത്തവണയും ചിരാഗിനെ എതിർക്കുന്നത്. മഹാഗഡ്ബന്തന്റെ ഭാഗമായ ആർ.എൽ.എസ്.പി സ്ഥാനാർഥിയാണ് അദ്ദേഹം. മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള കുശവാഹ സമുദായക്കാരനാണ് ചൗധരി. എൻ.ഡി.എ വിട്ടു വന്ന ഉപേന്ദ്ര കുശവാഹ സ്ഥാപിച്ച പാർട്ടിയാണ് ആർ.എൽ.എസ്.പി. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സമ്രാട്ട് ചൗധരിയെ ബി.ജെ.പി-ജെ.ഡി.യു സഖ്യം കൈകാര്യം ചെയ്ത രീതി സമുദായത്തിൽ വലിയ വികാരം ആളിക്കത്തിച്ചിട്ടുണ്ട്.
പുറമെ സമീപ മണ്ഡലമായ ബങ്കയിൽ ദീർഘകാലം ബി.ജെ.പി എം.പിയായ ദ്വിഗ്‌വിജയ് സിംഗ് അന്തരിച്ചപ്പോൾ ഭാര്യ പുതുൽകുമാരിക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചത് രജപുത്രരെയും രോഷം കൊള്ളിച്ചിട്ടുണ്ട്. ചന്ദ്രശേഖർ, വാജ്‌പേയി മന്ത്രിസഭകളിൽ അംഗമായിരുന്ന അദ്ദേഹം മേഖലയിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണ്.
ചിരാഗ് സുമുഖനും അതികായനുമാണ്. തന്റെ സിനിമയിലെ പാട്ട് ഇപ്പോഴും ഈ മേഖലയിൽ ഹിറ്റാണ്. നിരവധി വികസന പ്രവർത്തനങ്ങൾ അദ്ദേഹം മണ്ഡലത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സെൻട്രൽ സ്‌കൂളും മെഡിക്കൽ കോളേജും റെയിൽവെ പദ്ധതികളുമൊക്കെ പ്രാരംഭ ഘട്ടത്തിലാണ്. പക്ഷെ ബിഹാറിൽ ഇതിനെയൊക്കെ വെല്ലുന്നതാണ് ജാതിസമവാക്യങ്ങൾ.