കോഴിക്കോട് - ഉയർന്ന പടിക്കെട്ടുകളും ആശങ്കകളുമില്ലാതെ ഭിന്നശേഷിക്കാർക്ക് ഇനി മുതൽ വോട്ടു രേഖപ്പെടുത്താം. സ്വതന്ത്രവും സ്വകാര്യവുമായ വോട്ടവകാശം ലഭ്യമാക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഒരു വോട്ടറും തഴയപ്പെടരുത് എന്ന ആശയം മുന്നോട്ടുവെക്കുന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ ഭിന്നശേഷി വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
അന്താരാഷ്ട്ര ഭിന്നശേഷി അവകാശ ഉടമ്പടിയും 2016 ലെ ഭിന്നശേഷി അവകാശ നിയമവും നിഷ്‌കർഷിക്കുന്നതു പോലെ ബാഹ്യ ഇടപെടലോ സ്വാധീനമോ കൂടാതെ ഭിന്നശേഷി വോട്ടർമാർക്ക് നിർഭയം വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഐ.സി.ഡി.എസ് പ്രവർത്തകർ ഇതിനോടകം മുഴുവൻ ഭിന്നശേഷി വോട്ടർമാരുടെയും വിവരശേഖരണവും ഡാറ്റാ എൻട്രിയും നടത്തിക്കഴിഞ്ഞു. വാഹനം ആവശ്യമുള്ള ഭിന്നശേഷി വോട്ടർമാർക്ക് 1950 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് വാഹനം ആവശ്യപ്പെടാനും സൗകര്യമുണ്ട്. ബൂത്തുകളിൽ ഭിന്നശേഷി പ്രാപ്യ വോട്ടിംഗ് മെഷീൻ, മാഗ്‌നിഫൈയിംഗ് ഗ്ലാസ്, അടയാള ബോർഡുകൾ, സൗജന്യ വാഹന സൗകര്യം, പാർക്കിംഗ് സൗകര്യം, വീൽച്ചെയർ, റാംപുകൾ, ശൗചാലയം, സന്നദ്ധപ്രവർത്തകർ, ശബ്ദസഹായി, ക്യൂ നിൽക്കാതെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ കവാടം എന്നിവ ഒരുക്കും. വീട്ടിൽനിന്നു വാഹനത്തിൽ കയറ്റി വോട്ടിംഗ് കേന്ദ്രത്തിൽ എത്തിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തിക്കുന്ന രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. വാഹനങ്ങളിൽ സഹായഹസ്തവുമായി സന്നദ്ധസേവകർ ഉണ്ടായിരിക്കും.
വീൽ ചെയറുകൾ സൗകര്യപ്രദമായി നീക്കി വോട്ടു ചെയ്യത്തക്ക വിധത്തിലുള്ള ഡിസൈനാണ് വോട്ടിംഗ് കമ്പാർട്ട്‌മെന്റിലും ഒരുക്കിയിരിക്കുന്നത്. കുടിവെള്ള ലഭ്യതയും ഉറപ്പാക്കും. കാഴ്ചപരിമിതിയുള്ളവർക്ക് വോയ്‌സ് എസ്എംഎസ് സൗകര്യവും നൽകും. ഓരോ നിയമസഭാ മണ്ഡലത്തിലും മെഡിക്കൽ ടീമുകളും രണ്ട് ആംബുലൻസുകളും സജ്ജീകരിക്കും. സ്വകാര്യ ആശുപത്രികളിൽനിന്നും സ്വകാര്യ ക്ലിനിക്കുകളിൽനിന്നും വീൽ ചെയറുകളും ആംബുലൻസുകളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ദിവസം ഏറ്റെടുക്കാൻ നടപടികൾ എടുത്തിട്ടുണ്ട്.
ഭിന്നശേഷിക്കാരെ നേരിൽ കണ്ട് ആവശ്യങ്ങൾ ചോദിച്ചറിഞ്ഞാണ് പോളിംഗ് സ്റ്റേഷനുകൾ തയാറാക്കുന്നത്. ഇതിനായി പല ഘട്ടങ്ങളിലായി അങ്കണവാടി ജീവനക്കാരും ആരോഗ്യ പ്രവർത്തകരും തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാരും ഉൾപ്പെട്ട സംഘം സന്ദർശനം നടത്തിയിരുന്നു. അങ്കണവാടി ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഭിന്നശേഷിക്കാരുടെ വീടുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരമായി ബോധവത്കരണം നടത്തുന്നുണ്ട്. വോട്ടവകാശം വിനിയോഗിക്കുന്നതിനായി ജില്ലാ ഭരണകൂടം ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ചും അവരെ ബോധവത്കരിക്കും. ജനാധിപത്യ പ്രക്രിയയിൽനിന്ന് ആരും മാറ്റിനിർത്തപ്പെടരുതെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അസൗകര്യങ്ങൾ മാറ്റി നിർത്തി ജീവനക്കാർ രാപകലില്ലാതെ പ്രവർത്തിക്കുന്നത്.