Sorry, you need to enable JavaScript to visit this website.

ലോക ഭീകരതയുടെ നേതൃത്വം അമേരിക്കക്ക് സ്വന്തം; കടന്നാക്രമിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്റാന്‍- ലോക ഭീകരതയുടെ നേതാവ് അമേരിക്കയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിനെ വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് പിന്നാലെയാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം.
റവല്യൂഷണറി സ്ഥാപനങ്ങളെ ഭീകരരെന്ന് മുദ്ര കുത്താന്‍ നിങ്ങള്‍ ആരാണെന്ന് ഔദ്യോഗിക ടെലിവിഷന്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ റൂഹാനി ചോദിച്ചു. 1979 ല്‍ രൂപീകരിച്ചതുമുതല്‍ ഭീകരതക്കെതിരെ പൊരുതുന്ന ശക്തിയാണ് റവല്യൂഷണറി ഗാര്‍ഡെന്ന് ടെഹ്‌റാനില്‍ ഇറാന്റെ ദേശീയ ആണവ ദിന പരിപാടിയില്‍ ഹസ്സന്‍ റൂഹാനി പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ സേനകള്‍ പ്രത്യക്ഷമായും പരോക്ഷമായും ഭീകരസംഘനടകളിലും ഭീകരപ്രവര്‍ത്തനങ്ങളിലും പങ്കെടുത്തതായി അദ്ദേഹം ആരോപിച്ചു. മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ ആയുധങ്ങളായാണ് നിങ്ങള്‍ ഭീകര സംഘടനകളെ ഉപയോഗിച്ചത്. നിങ്ങളാണ് ഭീകരതയുടെ ലോക നേതാവ്. ഇന്നത്തെ ലോകത്ത് ആരാണ് ഭീകരത പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. ആരാണ് ഐ.എസിനെ ആയുധമായി ഉപയോഗിച്ചത്- അദ്ദേഹം ചോദിച്ചു.
അമേരക്കയാണ് ഐ.എസ് നേതാക്കള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ഇപ്പോഴും അമേരിക്കയാണ് ഐ.എസ് നേതാക്കളെ ഒളിപ്പിക്കുന്നത്. എവിടെയാണ് ഐ.എസ് നേതാക്കള്‍ ഒളിച്ചിരിക്കുന്നതെന്ന് മേഖലയിലെ സര്‍ക്കാരുകളെ അറിയിക്കാന്‍ അമേരിക്ക തയാറായിട്ടില്ല-അദ്ദേഹം പറഞ്ഞു.
ഇറാന്‍ സേനയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയോട് അമേരിക്കന്‍ സേനയെ ഭീകരരെന്ന് വിളിച്ച് ഇറാന്‍ ഉടന്‍ മറുപടി നല്‍കിയിരുന്നു.
ആദ്യമായാണ് ഒരു വിദേശ സര്‍ക്കാരിന്റെ ഭാഗത്തെ അമേരിക്ക ഭീകര സംഘടനകളില്‍ ഉള്‍പ്പെടുത്തുന്നത്. റവല്യൂഷണറി ഗാര്‍ഡ് സൈന്യത്തിന് നേതൃത്വം നല്‍കുന്ന ആരും അമേരിക്കയില്‍ ജയില്‍ ശിക്ഷ നേരിടേണ്ടി വരുമെന്നാണ് ഇതിനര്‍ഥം.
1988 ജൂലൈയില്‍ ഇറാന്‍ എയര്‍ വിമാനം മിസൈല്‍ പയോഗിച്ച് തകര്‍ത്ത അമേരിക്കന്‍ നടപടി ഭീകരതക്ക് മികച്ച ഉദാഹരണമാണെന്ന് ഹസ്സന്‍ റൂഹാനി പറഞ്ഞു. യു.എസ് പടക്കപ്പലായ യു.എസ്.എസ് വിന്‍സെന്നസില്‍നിന്ന് മിസൈല്‍ തൊടുത്താണ് ഇറാന്‍ വിമാനം വീഴ്ത്തിയിരുന്നത്. ലോകത്താകമാനം ഭീകരതയുടെ സന്ദേശമാണ് അമേരിക്ക പ്രചരിപ്പിക്കുന്നതെന്നും ഇറാന്‍ പ്രസിഡന്റ് ആരോപിച്ചു.

 

Latest News