ന്യൂദല്‍ഹി- ബിജെപി അധികാരത്തിലെത്തിയാല്‍ ഓരോ പൗരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തുമെന്ന 2014ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നരേന്ദ്ര മോഡി നല്‍കിയ വാഗ്ദാനം ബിജെപി പറഞ്ഞതല്ലെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്. 'ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തുമെന്ന് പറഞ്ഞിട്ടേയില്ല. കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അത് നടപ്പിലാക്കി വരുന്നുണ്ട്. കള്ളപ്പണം അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചത് ഞങ്ങളുടെ സര്‍ക്കാരാണ്'- രാജ്‌നാഥ് സിങ് പറഞ്ഞു.
15 ലക്ഷം രൂപ വാഗ്ദാനത്തിന്റെ പേരില്‍ പ്രതിപക്ഷം ബിജെപിയെ നിരന്തരം കടന്നാക്രമിക്കുന്നതിനു മറുപടി ആയാണ് രാജ്‌നാഥിന്റെ പ്രതികരണം. 2014ലെ പൊള്ളവാഗ്ദാനങ്ങള്‍ 2019-ലും ബിജെപി ആവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനു പുറത്തേക്കു ഒഴുക്കിയ കള്ളപ്പണം തിരിച്ചെത്തിക്കുമെന്നത് 2014ലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. ഇത്തവണ സമാന്തര സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന പരാമര്‍ശമുണ്ടെങ്കിലും ഈ വിഷയം നേതാക്കളുടെ പ്രസംഗങ്ങളിലൊന്നും ഇത്തവണ കേള്‍ക്കാനില്ല.