തിരുവനന്തപുരം- ഇടതുമുന്നണിയുടെ താരപ്രചാരക പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കിയ സി.പി.എം നേതൃത്വത്തിന്റെ നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് വി.എസ് അച്യുതാനന്ദൻ. ഫാഷിസം വാതിൽക്കലെത്തി നിൽക്കുമ്പോൾ എല്ലാവരും താരപ്രചാരകരാണെന്ന് വി.എസ് വ്യക്തമാക്കി.
വി.എസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇത്തവണ ഞാൻ താര പ്രചാരകനല്ല എന്നൊരു വാർത്ത പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമൻ' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകൾ താരങ്ങളെ വളർത്തുന്ന ഘട്ടമാണത്രെ, അത്.
ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാൻ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിൻറെ ആവശ്യമാണത്. ഫിനാൻസ് മൂലധനത്തിൻറെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിൻറേയും സുസ്ഥിര വികസനത്തിൻറേയും അതിർവരമ്പുകൾ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകർക്കുന്നതിനെതിരെ, ജാതിമത വിഭജനം നടത്തി അതിൻറെ മറവിൽ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുർബലരെയും പാർശ്വവൽകൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കർഷകാദി വർഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിത്. ശത്രു വാതിൽക്കലെത്തി നിൽക്കുമ്പോൾ, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോൾ പ്രത്യേകിച്ചും.