ന്യൂദല്‍ഹി- കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശ്വാസ്യതാ പ്രതിസന്ധി നേരിടുകയാണെന്നും ഇത് തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യതയെ അപകടപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി 66 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തെഴുതി. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭീരുത്വപരമായ പെരുമാറ്റം ഈ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തിച്ചിരിക്കുകയാണ്. കമ്മീഷന്റെ സത്യസന്ധതയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതായാല്‍ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിക്കുമേല്‍ അത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഈ വിഷയത്തിന്റെ ഗൗരവം തെരഞ്ഞെടുപ്പു കമ്മീഷന്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ കത്തില്‍ പറയുന്നു. കത്തിന്റെ ഒരു പകര്‍പ്പ് തെരഞ്ഞെടുപ്പു കമ്മീഷനും അയച്ചിട്ടുണ്ട്.
കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ കത്തില്‍ അക്കമിട്ടു നിരത്തിയിട്ടുമുണ്ട്. ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണ വിജയം മാര്‍ച്ച് 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വിജയമായി സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘനമാണെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭരിക്കുന്ന പാര്‍ട്ടിക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന തരത്തിലുള്ള കമ്മീഷന്റെ നിലപാടുകള്‍ നീതിയുക്തമല്ല. മോഡിയുടെ ജീവിതം പറയുന്ന സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പു തുടങ്ങുന്ന ദിവസമായിട്ടും തടഞ്ഞില്ല. മോഡിയെ കുറിച്ചുള്ള 10 ഭാഗങ്ങളായുള്ള വെബ് സീരീസും നമോ ടിവി തുടങ്ങിയതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.