സ്റ്റംപിൽ പശയൊട്ടിച്ചിട്ടുണ്ടോ?, ഐ.പി.എല്ലിൽ പുതിയ വിവാദം

ജയ്പൂർ- മങ്കാദിങ്ങിന് ശേഷം ഐ.പി.എല്ലിൽ പുതിയ വിവാദം. പന്ത് കൊണ്ടിട്ടും സ്റ്റംപിൽനിന്ന് ബെയ്ൽസും തെറിക്കാത്തതാണ് വിവാദത്തിന്റെ കാതൽ. പശ കൊണ്ട് ഒടിച്ചതാണോ സ്റ്റംപും ബെയ്ൽസും എന്നാണ് ട്രോളുകൾ. സ്റ്റംപിൽനിന്ന് ബെയ്ൽസ് തെറിച്ചുവീണാൽ മാത്രമേ ബാറ്റ്‌സ്മാനെ ഔട്ടായി പരിഗണിക്കുകയുള്ളൂ. ഞായറാഴ്ച നടന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള കളിയിലാണ് കൊൽക്കത്തയുടെ ബാറ്റ്സ്മാൻ ലിൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ഈ സീസണിൽ ഇതു മൂന്നാം തവണയാണ് ഇതേ സംഭവം ആവർത്തിച്ചത്. 
കൊൽക്കത്ത 140 റൺസ് പിന്തുടർന്ന് ബാറ്റ് വീശവെയാണ് 13 റൺസുമായി ക്രീസിലുണ്ടായിരുന്ന ലിന്നിന്റെ സ്റ്റംപിൽ പന്ത് തട്ടിയത്. ധവാൽ കുൽക്കർണിയെറിഞ്ഞ പന്ത് ലെഗ് സ്റ്റംപിൽ തട്ടി ബൗണ്ടറിയിലേക്ക് വഴിമാറി പോയപ്പോൾ രാജസ്ഥാൻ താരങ്ങളും ആരാധകരുമെല്ലാം അവിശ്വസനീയതോടെ നിന്നു. പന്ത് സ്റ്റംപിൽ തട്ടിയ ശബ്ദം ലിന്നും കേട്ടിരുന്നു. 
താൻ ഔട്ടായെന്ന് കരുതി താരം തിരിച്ചു നടക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. രാജസ്ഥാൻ താരങ്ങൾ ആഘോഷവും തുടങ്ങി. പിന്നീടാണ് ബെയ്ൽസ് ഇളകിയില്ലെന്നും താൻ ഔട്ടല്ലെന്നും ലിന്നിനു മനസ്സിലായത്. ജീവൻ തിരിച്ചു കിട്ടിയ അദ്ദേഹം 50 റൺസോടെ ടീമിന്റെ ടോപ്‌സ്‌കോററായാണ് പിന്നീട് ക്രീസ് വിട്ടത്. 
ട്വിറ്ററിലൂടെ നിരവധി പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു വന്നു കൊണ്ടിരിക്കുന്നത്. 
ബെയ്ൽസ് സ്റ്റംപിൽ ഒട്ടിച്ചതായിരുന്നോയെന്ന് ആരെങ്കിലും പരിശോധിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? പന്ത് ശക്തമായി വന്ന് സ്റ്റംപിൽ തട്ടിയിട്ടും ബെയ്ൽസ് ഇളകാതിരുന്നത് അവിശ്വസനീയമെന്നായിരുന്നു ഒരു ട്വീറ്റ്. ഫെവികോളിന് ഏറ്റവും അനുയോജ്യമായ പരസ്യമാണ് ബെയ്ൽസെന്നായിരുന്നു മറ്റൊരു പ്രതികരണം. 
ബെയ്ൽസ് വീണില്ലെങ്കിലും പന്ത് സ്റ്റംപിൽ തട്ടിയ ശേഷം ലൈറ്റ് കത്തിയിരുന്നു. ഇത്തരത്തിൽ ലൈറ്റ് കത്തിയാൽ ബാറ്റ്സ്മാൻ ഔട്ടാണെന്നായിരുന്നു പ്രമുഖ കമന്റേറ്റർ ഹർഷ ഭോഗ്ലെയുടെ ട്വീറ്റ്. ഈ സീസണിലെ ഐ.പി.എല്ലിൽ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇത്. ശനിയാഴ്ച ചെന്നൈ സൂപ്പർകിംഗ്സിനെതിരായ കളിയിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ ലോകേഷ് രാഹുലും ഇത്തരത്തിൽ രക്ഷപ്പെട്ടിരുന്നു. രാഹുലിനെ എം.എസ് ധോണി റണ്ണൗട്ടാക്കിയെങ്കിലും ബെയ്ൽസ് ഇളകാത്തതിനെ തുടർന്ന് അംപയർ ഔട്ട് നൽകിയില്ല. അതിനു മുമ്പ് ധോണിയും ഇത്തരത്തിൽ രക്ഷപ്പെട്ടിരുന്നു. രാജസ്ഥാൻ റോയൽസ് പേസർ ജോഫ്ര ആർച്ചർ എറിഞ്ഞ പന്ത് ധോണിയുടെ സ്റ്റംപിൽ വന്ന് പതിച്ചെങ്കിലും ബെയ്ൽസ് ഇളകിയില്ല.
 

Latest News