Sorry, you need to enable JavaScript to visit this website.

ഖത്തര്‍ വിസ സെന്റര്‍ കൊച്ചിയിലും തുറന്നു

ദോഹ- ഖത്തറിലേക്ക് വരാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഇനി വിസ പ്രോസസിംഗ് എളുപ്പം. കൊച്ചിയിലെ ഖത്തര്‍ വിസ സെന്റര്‍ (ക്യുവിസി) പ്രവര്‍ത്തനം തുടങ്ങി. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്‌റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലാണ്(ഡോര്‍ നമ്പര്‍ 384111ഡി) കൊച്ചിയിലെ ക്യുവിസി ഓഫിസ്.
തെരഞ്ഞെടുപ്പായതിനാല്‍ ആഘോഷമില്ലാതെയായിരുന്നു തുടക്കം. ഖത്തറിലെ സ്വകാര്യ കമ്പനികളിലേക്ക് വരുന്ന മലയാളികള്‍ക്ക് തൊഴില്‍ വിസ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും ഇവിടെ പൂര്‍ത്തിയാക്കാം. കൊച്ചി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ നഗരങ്ങളില്‍ വിസ സെന്ററുകള്‍ തുറക്കുമെന്നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു ക്യുവിസികള്‍. മാര്‍ച്ച് 26ന് ന്യൂദല്‍ഹിയിലാണ് ആദ്യ ക്യുവിസി തുറന്നത്.

ഖത്തറിലേക്ക് വരുന്ന തൊഴിലാളികളുടെ വൈദ്യപരിശോധന, വിരലടയാളം, ഐറിസ് സ്കാനിംഗ് എന്നിവ ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരശേഖരണം കൊച്ചിയില്‍ പൂര്‍ത്തിയാക്കാം. ഇതിനായി തൊഴിലുടമ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെട്രാഷ്2ലൂടെയോ www.moi.gov.qa എന്ന വെബ്‌സൈറ്റിലൂടെയോ തൊഴിലാളിയുടെ പേര് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് വിസ റഫറന്‍സ് നമ്പര്‍ സഹിതം വിവരങ്ങള്‍ അതാതു ക്യുവിസിക്ക് ആഭ്യന്തര മന്ത്രാലയം കൈമാറും.

റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് തൊഴിലാളിക്ക് ക്യുവിസിയില്‍ അപ്പോയ്‌മെന്റ് എടുക്കാം. ഖത്തറില്‍ എത്തിയാലുടന്‍ ഉപയോഗിക്കാന്‍ 30 റിയാല്‍ കോള്‍ ബാലന്‍സുള്ള സിംകാര്‍ഡ് ക്യുവിസിയില്‍നിന്നു ലഭിക്കും. തൊഴിലാളിയുടെ പേരിലാണ് സിംകാര്‍ഡ് ഖത്തറിലെ കമ്പനി പ്രതിനിധിയുടെ മൊബൈല്‍ നമ്പറും കിട്ടും. വിമാനമിറങ്ങുമ്പോള്‍ കമ്പനി പ്രതിനിധിയെ ബന്ധപ്പെട്ട് ഓഫിസിലേക്കോ താമസസ്ഥലത്തേക്കോ പോകാം. നാട്ടില്‍ നിന്ന് വൈദ്യപരിശോധന പൂര്‍ത്തിയാകുന്നതിനാല്‍ ഇവിടെയെത്തി വൈദ്യപരിശോധനയില്‍ പരാജയപ്പെടുന്ന സാഹചര്യവും ഒഴിവാകും. തൊഴില്‍ കരാറിന്റെ പൂര്‍ണരൂപം മലയാളത്തില്‍ ലഭ്യമാകുമെന്ന സൗകര്യവുമുണ്ട്.

 

Latest News