Sorry, you need to enable JavaScript to visit this website.

നാവിക സേനാ മേധാവി നിയമനം വിവാദമാകുന്നു; സീനിയോറിറ്റി മറികടന്നെന്ന് ചൂണ്ടിക്കാട്ടി ഉപമേധാവി കോടതിയില്‍

ന്യൂദല്‍ഹി- നാവിക സേനയുടെ പുതിയ മേധാവിയായ വൈസ് അഡ്മിറല്‍ കരംബിര്‍ സിങിനെ നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ രംഗത്ത്. സീനിയോറിറ്റി മറികടന്നാണ് തന്റെ ജൂനിയറായ ഓഫീസറെ അടുത്ത നാവികസേനാ മേധാവിയായി നിയമിച്ചതെന്ന് ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലില്‍ വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിയമനം അസാധുവാക്കണമെന്നാണ് അദ്ദേഹം സേനാ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ മേയ് 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് സര്‍ക്കാര്‍ വൈസ് അഡ്മിറല്‍ കരംബിര്‍ സിങിനെ നിയമിച്ചത്. സര്‍വീസ് കാലാവധി പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ വര്‍ഷത്തെ സര്‍വീസ് ഉള്ളത് വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മയ്ക്കാണ്. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡറാണ് ഇപ്പോള്‍ വൈസ് അഡ്മിറല്‍ കരംബീര്‍. നാവിക സേനാ മേധാവിയാകുന്ന ആദ്യ നാവിക സേനാ പൈലറ്റാകും കരംബീര്‍ സിങ്. ദല്‍ഹിയിലെ നാവിക സേനാ ആസ്ഥാനത്ത് വൈസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്ത് ഇതു രണ്ടാം തവണയാണ് സേനാ മേധാവി നിയമനം സീനിയോറിറ്റി മറികടന്നെന്ന് ആരോപണം നേരിടുന്നത്. നേരത്തെ 2016ല്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നിയമവും വിവാദമായിരുന്നു.
 

Latest News