ന്യൂദല്‍ഹി- ഹിന്ദു വോട്ടുകളെ ലക്ഷ്യമിട്ടുള്ള സ്ഥിരം വാഗ്ദാനങ്ങളുമായി വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക. കാലങ്ങളായി ബിജെപി തെരഞ്ഞെടുപ്പുകളില്‍ വിഷയമാക്കുന്ന അയോധ്യയിലെ രാമ ക്ഷേത്രം നിര്‍മാണം ഇത്തവണയും പ്രകടന പത്രികയില്‍ ഇടം നേടി. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്ന ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഴയ വാഗ്ദാനവും സങ്കല്‍പ്പ പത്രം എന്നു പേരിട്ടിരിക്കുന്ന പ്രകടന പത്രികയിലുണ്ട്. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തു കളയുമെന്നും ബിജെപി ആവര്‍ത്തിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയ പൗരത്വ ബില്‍ പാസാക്കുമെന്നും വാഗ്ദാനമുണ്ട്. 2022-നകം കൈവരിക്കാനുള്ള 75 ലക്ഷ്യങ്ങളാണ് പ്രകടന പത്രികയിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ വരുമാന സഹായം നല്‍കും. 60 പിന്നിട്ട ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷനും ബിജെപി വാഗ്ദാനം ചെയ്യുന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഗ്രാമീണ വികസനത്തിനായി 25 ലക്ഷം കോടി രൂപ ചെലവിടുമെന്നും വാഗ്ദാനമുണ്ട്. കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വലുള്ള സംഘമാണ് ബിജെപി പ്രകടന പത്രിക തയാറാക്കിയത്.
ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്നുകൊണ്ട് അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാനുള്ള എല്ലാ സാധ്യതകളും ആരായുമെന്ന നിലപാടി ആവര്‍ത്തിക്കുകയാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീരില്‍ വിവേചനപരമായ ഭരണഘടനാ വകുപ്പായ 35എ റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.