ന്യൂദൽഹി-ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പുകളിൽ മുസ്‌ലിം വോട്ടുകൾ പലപ്പോഴും നിർണായകമാവാറുണ്ട്. 1992 ലെ ബാബ്‌രി മസ്ജിദ് തകർച്ചയ്ക്ക് ശേഷം യു.പിയിൽ കോൺഗ്രസ് നേരിട്ട തകർച്ചയ്ക്ക് കാരണം മറ്റൊന്നല്ല. പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കേയാണ് അയോധ്യയിലെ പള്ളി തകർത്തത്. ഏറ്റവും കൂടുതൽ എം.പിമാരെ തെരഞ്ഞെടുത്തയക്കുന്ന ഉത്തർപ്രദേശിൽ കോൺഗ്രസിന് പിന്നീടൊരിക്കലും ന്യൂനപക്ഷ സമുദായത്തിന്റെ വിശ്വാസം വീണ്ടെടുക്കാനായിട്ടില്ല.
ഇത് കോൺഗ്രസിന്റെ മാത്രം കാര്യമല്ല. പശ്ചിമ ബംഗാളിൽ സി.പി.എമ്മിന്റെ ശക്തി സ്രോതസ്സ് മുസ്‌ലിം വോട്ടുകളായിരുന്നു. നന്ദിഗ്രാം സംഭവത്തോടെയാണ് വിശ്വാസത്തിന്റെ ആണിക്കല്ല് ഇളകിയത്. ഫാസിസത്തെ ശക്തമായി ചെറുക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ മുസ്‌ലിം സമുദായം വിശ്വാസത്തിലെടുത്തതിന് കാരണം വേറെ അന്വേഷിക്കേണ്ടതില്ല. മോഡിക്കാലത്ത് കുഴപ്പമുണ്ടാക്കാൻ ഒരുങ്ങിപ്പുറപ്പെട്ട അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയ ബി.ജെപി പ്രമുഖരെ സംസ്ഥാന ഭരണകൂടം കൈകാര്യം ചെയ്ത വിധം ഏവരും കണ്ടതാണ്. കേരളത്തിൽ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് കണ്ണൂർ വിമാനത്താവളത്തിൽ ഒരു ഭരണഘടനാ പദവിയും വഹിക്കാത്ത ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്ക്ക് എൽ.ഡി.എഫ് സർക്കാർ ചുവപ്പ് പരവതാനി വിരിക്കുകയുണ്ടായി. എന്തിനേറെ പറയുന്നു, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം മുസ്‌ലിമിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് പറയുകയുണ്ടായി. ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളിലെല്ലാം മുസ്‌ലിം സമുദായത്തിന്റെ വോട്ടുകൾക്ക് ജയ, പരാജയങ്ങളെ സ്വാധീനിക്കാനാവുമെന്നതാണ് യാഥാർഥ്യം.
ഇന്ത്യയിൽ പതിനഞ്ച് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളുണ്ടെന്നാണ് കണക്ക്. ഇവ ഇത്തവണ നിർണായകമാകുമെന്നാണ് സൂചന. പ്രധാനമായും ബിജെപി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടത്തിലാണ് ഈ മണ്ഡലങ്ങൾ ശ്രദ്ധേയമാകാൻ പോകുന്നത്. കോൺഗ്രസ് ഈ മണ്ഡലങ്ങളെ ലക്ഷ്യമിട്ട് ചില പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കക്ഷികളിൽ നിന്നുള്ള വെല്ലുവിളി ശക്തമാണ്. ഈ മണ്ഡലങ്ങളിൽ ബിജെപിക്കുള്ള സ്വാധീനം വളരെ ദുർബലമാണ്.
ഇത്തവണ മുസ്‌ലിം മണ്ഡലങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതാണ് വീണ്ടും ഈ മണ്ഡലങ്ങളെ സജീവമാക്കിയത്. രാഹുൽ ഹിന്ദുക്കൾ കൂടുതലുള്ള മണ്ഡലത്തിൽ നിന്ന് മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന് മോഡി ആരോപിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ മുഴുവൻ ന്യൂനപക്ഷ മണ്ഡലങ്ങളും വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയിൽ ജനസംഖ്യാ ആനുപാതത്തിൽ കാണുമ്പോൾ 15 മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളാണുള്ളത്. മുസ്‌ലിം സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ ഒരുപടി മുന്നിലാണ് കോൺഗ്രസ്. ബിജെപി ഇതിൽ ആറ് മണ്ഡലങ്ങളിൽ മുസ്‌ലിം സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്.
എന്നാൽ കോൺഗ്രസ് ഒമ്പത് മുസ്‌ലിം സ്ഥാനാർത്ഥികളെയാണ് നിർത്തിയത്. ജമ്മു കശ്മീരിൽ മൂന്ന് ന്യൂനപക്ഷ മണ്ഡലങ്ങളാണ് ഉള്ളത് -ബാരാമുള്ള, ശ്രീനഗർ, അനന്ത്‌നാഗ് എന്നിവയാണ് മണ്ഡലങ്ങൾ. ഇവിടെ 95 ശതമാനവും മുസ്‌ലികളാണ്. ഇവിടെ കോൺഗ്രസ് എൻസിപി സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. ലക്ഷ്വദ്വീപിൽ ഒരു സീറ്റ് മുസ്‌ലിം സീറ്റാണ്. ബിഹാറിലെ കിഷൻ ഗഞ്ച്, ബംഗാളിൽ മുർഷിദാബാദ്, മാൽദ ദക്ഷിൺ, ജാംഗൽപൂർ, ബഹാരംപൂർ, ആന്ധ്രയിലെ ഹൈദരാബാദ്, കേരളത്തിൽ മലപ്പുറം, പൊന്നാനി, അസമിലെ ദുബ്രൽ, കരീംഗഞ്ച്, ബാർപെട്ട എന്നിവയാണ് ന്യൂനപക്ഷ മണ്ഡലങ്ങൾ. ദേശീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസിനൊപ്പമാണ് ന്യൂനപക്ഷങ്ങൾ. ബിജെപി ഉയർത്തുന്ന രാഷ്ട്രീയം മുസ്‌ലിം വിരുദ്ധമാണ്.
പ്രാദേശിക കക്ഷികളുമായിട്ടാണ് കോൺഗ്രസിനുള്ള പോരാട്ടം. 2014ൽ ബിജെപി നാല് മുസ്‌ലിം സ്ഥാനാർത്ഥികളെയാണ് നിർത്തിയത്. ഇവരെല്ലാം പരാജയപ്പെട്ടിരുന്നു. ഇത്തവണ മുസ്‌ലിം പ്രാതിനിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി കൂടുതൽ സീറ്റുകൾ മുസ്‌ലിം സ്ഥാനാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. കോൺഗ്രസിന് രണ്ട് വെല്ലുവിളികളാണ് മുന്നിലുള്ളത്. ഒന്ന് അസാദുദ്ദീൻ ഉവൈസിയാണ്. മറ്റൊന്ന് മമതാ ബാനർജിയാണ്. ഉവൈസിയുടേത് ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും സ്വാധീനമുള്ള പാർട്ടിയാണ്. ഹൈദരാബാദിൽ രണ്ടാം സ്ഥാനത്ത് പോലും കോൺഗ്രസ് എത്തിയേക്കില്ല. മഹാരാഷ്ട്രയിൽ ഉവൈസിയെ നേരിടാൻ കോൺഗ്രസിന് സാധിക്കും. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഹിന്ദുവിനെയും ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ മുസ്‌ലിമിനെയും വിജയിപ്പിച്ച ചുരുക്കം ചില പാർട്ടികളിൽ ഒന്നാണ് തൃണമൂൽ കോൺഗ്രസ്. ബംഗാളിൽ കോൺഗ്രസിന് മുസ്‌ലിം മേഖലകളിൽ നേട്ടമുണ്ടാക്കുക അസാധ്യമാണ്. എന്നാൽ മലപ്പുറത്തെ രണ്ട് സീറ്റിൽ സഖ്യകക്ഷിയായ മുസ്‌ലിം ലീഗിന്റെ സാന്നിധ്യം കോൺഗ്രസിന് മേൽക്കൈ നൽകുന്നുണ്ട്.
കോൺഗ്രസിന് പല സംസ്ഥാനത്തും സഖ്യമുള്ളതിനാൽ മുസ്‌ലിം വോട്ടുകൾ ഏകീകരിക്കുന്നതിൽ തടസ്സമുണ്ടാകില്ല. രാഹുൽ ഗാന്ധിയുടെ ന്യൂനപക്ഷ മുഖവും നിർണായകമാകും.
50 ശതമാനം വരെ മുസ്‌ലികളുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിന് അഞ്ച് സ്ഥാനാർത്ഥികളുണ്ട്. 20 ശതമാനം മാത്രമുള്ള മണ്ഡലങ്ങളിൽ എട്ട് സ്ഥാനാർത്ഥികളുമുണ്ട്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വാഴ്ചയിൽ പശു സംരക്ഷണ ആക്രമണങ്ങൾ നേരിട്ട ന്യൂനപക്ഷ, പിന്നോക്ക സമുദായങ്ങളുടെ ഏകീകരണം കോൺഗ്രസിന് അനുകൂലമാവാനാണ് സാധ്യത.