Sorry, you need to enable JavaScript to visit this website.

'ഇത് കശ്മീരാണ്, ഫലസ്തീനല്ല'; ഹൈവെ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് പാര്‍ട്ടികള്‍ രംഗത്ത്

ശ്രീനഗര്‍- ജമ്മുവിനേയും കശ്മീരിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന ഹൈവെയില്‍ ഇന്നു മുതല്‍ നടപ്പിലാക്കിയ ആഴ്ചയില്‍ രണ്ടു ദിവസം സാധാരണക്കാര്‍ക്കുള്ള യാത്രാ വിലക്കിനെതിരെ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. ബാരമുള്ള-ഉധംപൂര്‍ ഹൈവേയില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് (ഞായര്‍, ബുധന്‍) ഗവര്‍ണറുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം സാധാരണക്കാര്‍ക്ക് സഞ്ചാര വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ ഈ വിലക്ക് നിരാകരിക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായി മെഹ്ബൂബ മുഫ്തി ആഹ്വാനം ചെയ്തു. 'ഈ നിരോധനം ജനങ്ങള്‍ അംഗീകരിക്കരുത്. ഇതു തള്ളിക്കളയുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യുക. ഈ യാത്രാ വിലക്കിനെതിരെ ഞങ്ങള്‍ കോടതിയെ സമീപിക്കും,' അവര്‍ പറഞ്ഞു. ഇത് കശ്മീരാണ്, ഫലസ്തീനല്ല. ഞങ്ങളുടെ സ്വന്തം ഭൂമി ഒരു തുറന്ന ജയിലാക്കിമാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല- ഒരു പ്രതിഷേധ പരിപാടിയില്‍ മെഹബൂബ പറഞ്ഞു.

ഹൈവെയിലെ യാത്രാ വിലക്ക് ബുദ്ധിശൂന്യ നടപടിയാണെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയും പ്രതികരിച്ചു. ഇത് ജനങ്ങള്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ബിജെപി സഖ്യകക്ഷിയായ സജ്ജാദ് ലോണ്‍ ഈ യാത്രാ വിലക്കിനെ മാനുഷിക ദുരന്തമെന്നാണ് വിശേഷിപ്പിച്ചത്. ഗവര്‍ണര്‍ അടിയന്തരമായി ഈ വിലക്ക് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദൈനംദിന ആവശ്യങ്ങള്‍ക്കു വേണ്ടി യാത്ര ചെയ്യേണ്ടി വരുന്നവരുടെ ഉപജീവനം തടസ്സപ്പെട്ടിരിക്കുകയാണ്, നിസ്സഹായാവസ്ഥയിലാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

ബാരാമുല്ല-ഉധംപൂര്‍ ഹൈവെയില്‍ ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ സൈനിക നീക്കങ്ങള്‍ മാത്രമെ അനുവദിക്കൂവെന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന ഭരണകൂടം ഇറക്കിയ ഉത്തരവ്. 270 കിലോമീറ്റര്‍ ഹൈവേയിലുടനീളം സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. അടിയന്തര സേവനങ്ങള്‍ക്ക് യാത്രാ പാസുകള്‍ നല്‍കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് സര്‍ക്കാര്‍ പറയുന്നു.

Latest News