ന്യൂദല്‍ഹി- രണ്ടു പേരുടെ നാലു കൈകള്‍ ചേര്‍ന്നാല്‍ മാത്രം തുറക്കാന്‍ കഴിയുന്ന ഗര്‍ഭനിരോധന ഉറ പാക്കറ്റുമായി അര്‍ജന്റീന കമ്പനി. തുറക്കണമെങ്കില്‍ ഒരേ സമയം പാക്കറ്റിന്റെ നാല് ഭാഗത്തും അമര്‍ത്തണം. സുരക്ഷിത ലൈംഗികതയും തീരുമാനമെടുക്കുന്നതിലുള്ള പങ്കാളിത്തവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ടുളിപാന്‍ കമ്പനി അവകാശപ്പെടുന്നു.
വര്‍ഷാവസാനം പുറത്തിറക്കുന്ന കോണ്ടത്തിന്റെ പരസ്യം സമൂഹമാധ്യമങ്ങളില്‍ വന്‍സ്വീകാര്യത നേടി. സുരക്ഷിതമായ ആസ്വാദനം നേരത്തെ തന്നെ തങ്ങളുടെ മുദ്രാവാക്യമാണെങ്കിലും പുതിയ കാമ്പയിനിലൂടെ രണ്ടു പേരുടേയും സമ്മതമുണ്ടെങ്കിലേ ആസ്വാദനം സാധ്യമാകൂയെന്ന സന്ദേശമാണ് പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
ലൈംഗികാതിക്രമത്തിന് ഇരയായതായി പ്രശസ്ത വനിതകള്‍ വെളിപ്പെടുത്തിയ മീടൂ കാമ്പയിനു പിന്നാലെയാണ് ഉഭയകക്ഷി സമ്മതമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ കോണ്ടം കമ്പനികളും മറ്റും ശ്രമം തുടങ്ങിയത്.