ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ ബിജെപിക്കും കോണ്‍ഗ്രസിനും കനത്ത വെല്ലുവിളിയായി രൂപം കൊണ്ട എസ്.പി-ബിഎസ്പി മഹാസഖ്യത്തിന്റെ ആദ്യ പൊതുറാലിയില്‍ പ്രധാനമായും ഉന്നമിട്ടത് നിര്‍ണാകമായ മുസ്ലിം വോട്ടുകളെ. മുസ്ലിം ജനസംഖ്യ ഏറെയുള്ള മേഖലയിലെ പ്രധാന ടൗണും പ്രശസ്ത ഇസ്ലാമിക കാലലയമായ ദാറുല്‍ ഉലൂമിന്റെ പേരില്‍ അറിയപ്പെടുന്ന സ്ഥലവുമായ ദയൂബന്ദില്‍ മഹാസഖ്യ നേതാക്കള്‍ ആദ്യമായി സംയുക്ത റാലി സംഘടിപ്പിച്ചപ്പോള്‍ ഊന്നിപ്പറഞ്ഞതും മുസ്ലിം വോട്ടുകളെ കുറിച്ചാണ്. മഹാസഖ്യത്തെ നയിക്കുന്നതില്‍ പ്രധാനി മുന്‍ യുപി മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി പ്രസംഗത്തില്‍ തനിക്കു മുസ്ലിം സമുദായത്തോടാണ് ഉണര്‍ത്താനുള്ളത് എന്ന് എടുത്തു പറഞ്ഞാണ് എതിര്‍ പാര്‍ട്ടികളുടെ വോട്ടു ധ്രുവീകരണത്തെ കുറിച്ചു സംസാരിച്ചത്. കോണ്‍ഗ്രസ് വോട്ടുകളെ ഭിന്നിപ്പിച്ചേക്കുമെന്ന ആശങ്ക മായാവതിയുടെ പ്രസംഗത്തില്‍ നിഴലിച്ചിരുന്നു.
ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്ന ആളുകളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിരിക്കുന്നതെന്ന് മായാവതി പറഞ്ഞു. 'ബിജെപിയെ സഹായിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് വിവിധ വിഭാഗക്കാരെ സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. ഞാന്‍ മുന്നറിയിപ്പു നല്‍കുകയാണ്. നിങ്ങളുടെ വോട്ടുകളില്‍ വിള്ളലുണ്ടാക്കരുത്. ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനുള്ള ശേഷി കോണ്‍ഗ്രസിനില്ല. മഹാസഖ്യത്തിനു മാത്രമെ ബിജെപിക്കെതിരെ പൊരുതാന്‍ കഴിയൂ. കോണ്‍ഗ്രസിന് ഇതറിയാം. അതുകൊണ്ടാണ് അവര്‍ തങ്ങള്‍ തോറ്റാലും ജയിച്ചാലും വേണ്ടില്ല, മഹാസഖ്യം ജയിക്കരുതെന്ന നിലപാടെടുത്തിരിക്കുന്നത്,' മുസ്ലിം സമുദായത്തിലെ വോട്ടര്‍മാരോട് പ്രത്യേകമായി പറയുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് മായാവതി ഇങ്ങനെ പറഞ്ഞത്.
ഈ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണെന്ന് റാലിക്കായി ദയൂബന്ദിനെ തെരഞ്ഞെടുത്തതില്‍ നിന്നു തന്നെ വ്യക്തമാണ്. പടിഞ്ഞാറന്‍ യുപിയിലെ സഹാറന്‍പൂര്‍ ജില്ലയുടെ ഹൃദയഭാഗമാണ് ദയുബന്ദ്. മേഖലയില്‍ വലിയൊരു ശതമാനം മുസ്ലിം ജനസംഖ്യയാണ്.
മഹാസഖ്യത്തോടൊപ്പം ചേര്‍ക്കാത്തതിനെ തുടര്‍ന്ന് എല്ലാ മണ്ഡലങ്ങളിലും ഒറ്റയ്ക്കു മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം മുസ്ലിം വോട്ടുകളുടെ ധ്രുവീകരണത്തിലേക്കു നയിച്ചേക്കാം എന്നാണ് ആശങ്ക. എന്നാല്‍ മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ എസ്പിയും ഇങ്ങനെ ഒരു സാധ്യത തള്ളുന്നുണ്ട്.
2011ലെ സെന്‍സസ് പ്രകാരം ഉത്തര്‍ പ്രദേശ് ജനസംഖ്യയുടെ 19 ശതമാനം മുസ്ലിംകളാണ്. ഒറ്റയ്ക്കു മത്സരിച്ചാല്‍ 80 ശതമാനം മുസ്ലിം വോട്ടുകളും എസ്പിക്കും 20 ശതമാനം കോണ്‍ഗ്രസിനും പോകുന്നുവെന്നാണ് മുന്‍കാല തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ നല്‍കുന്ന സൂചന
യുപിയിലെ 80 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 47 ഇടങ്ങളില്‍ മഹാ സഖ്യം ബിജെപിയെ തറപറ്റിക്കാന്‍ സാധ്യതകള്‍ ഏറെയാണെന്ന് സി-വോട്ടറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ 47 മണ്ഡലങ്ങളിലും മുസ്ലിം-ദളിത്-യാദവ വോട്ടര്‍മാരുടെ എണ്ണം 50 ശതമാനത്തിനു മുകളിലാണ്. യുപിയിലെ എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും 40 ശതമാനത്തിലേറെ മുസ്ലിം-ദളിത്-യാദവ വോട്ടര്‍മാരുണ്ടെന്നും സി-വോട്ടര്‍ സര്‍വെ പറയുന്നു.
ജാതി സമവാക്യങ്ങളിലാണ് ഈ സഖ്യത്തിന്റെ വിജയസാധ്യത. ഈ സമവാക്യങ്ങള്‍ കൃത്യമായാല്‍ മാത്രമെ ഏതൊരു പാര്‍ട്ടിക്കും യുപിയില്‍ ജയിക്കാനാകൂ. എസ്.പി-ബിഎസ്പി സഖ്യത്തിന്റെ വലിയൊരു പ്രത്യേക മുസ്ലിം-ദളിത്-യാദവ സമവാക്യമാണ്. 2011-ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം യുപിയില്‍ ജനസംഖ്യയുടെ 19 ശതമാനം മുസ്ലിംകളും 21 ദളിതരുമുണ്ട്. മറ്റു പിന്നാക്ക സമുദായങ്ങളുടേയും പൊതുവിഭാഗങ്ങളുടേയും ജാതി തിരിച്ചുള്ള കണക്കുകള്‍ സെന്‍സസ് നല്‍കുന്നില്ല. എങ്കിലും യുപിയിലെ യാവദ ജനസംഖ്യ 9-10 ശതമാനം വരെ ഉണ്ടെന്നാണ് നിരീക്ഷകരുടെ കണക്കുകള്‍. മുസ്ലിം-ദളിത്-യാദവ വിഭാഗങ്ങള്‍ ഒന്നിച്ചാല്‍ യുപിയിലെ മൊത്തം ജനസംഖ്യയുടെ പകുതിയോളം വരും. ദളിത് പിന്തുണയാണ് ബിജെപിയുടെ പിന്‍ബലം. യാദവ, മുസ്ലിം വിഭാഗങ്ങള്‍ രണ്ടു പതിറ്റാണ്ടായി തങ്ങള്‍ക്കൊപ്പമാണെന്ന് എസ്.പിയും അവകാശപ്പെടുന്നു.
യുപിയിലെ 80 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 10 സീറ്റുകളില്‍ മുസ്ലിം-ദളിത്-യാദവ ജനസംഖ്യ 60 ശതമാനത്തില്‍ ഏറെയാണ്. അസംഗഢ്, ഘോസി, ദൊമരിയാഗഞ്ച്, ഫിറോസാബാദ്, ജൗന്‍പൂര്‍, അംബേദ്കര്‍ നഗര്‍, ഭദോഹി, ബിജ്‌നോര്‍, മോഹന്‍ലാല്‍ഗഞ്ച്, സിതാപൂര്‍ എന്നിവയാണ് ഈ മണ്ഡലങ്ങള്‍. എസ്.പി നേതാവ് മുലായം സിങ് യാദവ് 2014ല്‍ ജയിച്ച അസംഗഢിലാണ് ഏറ്റവും ഉയര്‍ന്ന മുസ്ലിം-ദളിത്-യാദവ ജനസംഖ്യ. 68.3 ശതമാനം. മുലായത്തിന് കഴിഞ്ഞ തവണ 35.43 ശതമാനം വോട്ടു ലഭിച്ചിരുന്നു. ഇവിടെ കഴിഞ്ഞ തവണ മൂന്നാമതെത്തിയ ബിഎസ്പി സ്ഥാനാര്‍ത്ഥി ഷാ ആലത്തിന് ലഭിച്ചത് 27.75 ശതമാനം വോട്ടായിരുന്നു. ഈ രണ്ടു പാര്‍ട്ടികളും ഇത്തവണ ഒന്നിച്ചാല്‍ 63.18 ശതമാനം വോട്ട് ഉറപ്പാണ്.
മറ്റു 37 മണ്ഡലങ്ങളില്‍ മുസ്ലിം-ദളിത്-യാദവ ജനസംഖ്യ 50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിലാണ്. അമേത്തി, റായ്ബറേലി, മുലായം സിങ് ഇത്തവണ മത്സരിക്കുന്ന അദ്ദേഹത്തിന്റെ തട്ടകമായ മിയാന്‍പുരി എന്നീ മണ്ഡലങ്ങളെല്ലാം ഇതില്‍പ്പെടും. മിയാന്‍പുരിയില്‍ മുസ്ലിം-ദളിത്-യാദവ ജനസംഖ്യ 57.2 ശതമാനമുണ്ട്. ബാക്കിവരുന്ന 33 മണ്ഡലങ്ങളില്‍ മുസ്ലിം-ദളിത്-യാദവ ജനസംഖ്യ 40-നും 50 ശതമാനത്തിനും ഇടയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസിയും ഇതിലുള്‍പ്പെടും.