Sorry, you need to enable JavaScript to visit this website.

വിദ്വേഷ പരാമര്‍ശം: യോഗിക്കെതിരെ മുസ്‌ലിം ലീഗ് പരാതി നല്‍കി

മുസ്‌ലിം ലീഗിന് നേരെയുണ്ടായ യോഗിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ ദല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ലീഗ് നേതൃത്വം പരാതി നല്‍കുന്നു.

 ഇന്ത്യന്‍ ശിക്ഷാ നിയമം 153എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യം


ന്യൂദല്‍ഹി- മുസ്‌ലിം ലീഗിനെതിരേ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ  ഇന്ത്യന്‍ ശിക്ഷാ നിയമം 153എ പ്രകാരം കേസെടുക്കണമെന്നും മുസ്‌ലിം ലീഗ് തെരഞ്ഞടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിയിരിക്കുന്നത് തെരഞ്ഞടുപ്പ് ചട്ടലംഘനം കൂടിയാണെന്നും ഇതിനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ സര്‍വേന്ത്യ മുസ്‌ലിം ലീഗിനോട് ചേര്‍ത്ത്് അവതരിപ്പിച്ചത് കൃത്യമായ അജണ്ട മുന്നില്‍ കണ്ടാണ്. വോട്ടര്‍മാരെ സ്വാധീനിക്കാനും മുസ്‌ലിം ലീഗിനെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പരാതിയില്‍ പറയുന്നു. മുസ്‌ലിം ലീഗ് 1948 മാര്‍ച്ച് പത്തിന് രൂപീകരിക്കപ്പെട്ട സംഘടനയാണ്. പാര്‍ട്ടി സ്ഥാപകനായ ഖാഇദെമില്ലത്ത് ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമായിരുന്നു. അതിനെയാണ് രാജ്യത്തെ വിഭജിച്ച വൈറസായി ബി.ജെ.പി നേതാക്കള്‍ അവതരിപ്പിക്കുന്നത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്.
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന് വിഭജനത്തില്‍ യാതൊരു പങ്കുമില്ല. മറിച്ചുള്ള പ്രസ്താവന സമുദായങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചാണ്. പാര്‍ട്ടിയുടെ പതാക പാക്കിസ്ഥാന്റെ പതാകയാണെന്നുള്ള ആരോപണം മുസ്‌ലിം ലീഗിനെതിരെ വര്‍ഗീയത ഇളക്കിവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. രാജ്യത്ത് തങ്ങളുടെ പതാകക്ക് തുല്യമായി പച്ച നിറമുള്ള പതാകയുള്ള നിരവധി രാഷ്ട്രീയ കക്ഷികളുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗിനെ മാത്രം ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ ബന്ധത്തിന്റെ ആരോപണമുന്നയിക്കുന്നതിന് പിന്നില്‍ സംഘ്പരിവാറിന്റെ അജണ്ടയാണുള്ളതെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ തെരഞ്ഞടുപ്പ് കമ്മീഷനെ ബോധിപ്പിച്ചു.
വ്യത്യസ്ത മത വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ ഐ.പി.സി 153എ പ്രകാരം നടപടിയെടുക്കണമെന്നും പാര്‍ട്ടിക്കെതിരെ അപവാദ പ്രചാരണം നടത്തിയ  ബി.ജെ.പി നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള നടപടികളുണ്ടാവണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ ആസ്ഥാനമായ ദല്‍ഹിയിലെ നിര്‍വാചന്‍ സദനിലെത്തി മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമറിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് പ്രതിനിധി സംഘം നേരിട്ടാണ് പരാതി സമര്‍പ്പിച്ചത്. അഡ്വക്കറ്റ് ഹാരിസ് ബീരാന്‍, ദല്‍ഹി കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഹലീം, ദല്‍ഹി സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി ഇംറാന്‍ ഐജാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മുസ്‌ലിം ലീഗ് പതാകയും പാക്കിസ്ഥാന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഇക്കാര്യവും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചരിത്രത്തെയും വര്‍ത്തമാനത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സാമാന്യ ബോധമുള്ളവര്‍ ഈ പ്രചാരണം തള്ളിക്കളയുമെന്നും ദുഷ്ടലാക്കോടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി.

 

 

Latest News