ദയൂബന്ദ്- ഉത്തര്‍ പ്രദേശിലെ ദയൂബന്ദില്‍ നടന്ന എസ്.പി-ബിഎസ്പി മഹാസഖ്യത്തിന്റെ പ്രഥമ തെരഞ്ഞെടുപ്പു റാലിയില്‍ എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും തങ്ങളുടെ എതിരാളികളായ ബിജെപിക്കും കോണ്‍ഗ്രസിനും കണക്കിനു കൊടുത്തു. ബിജെപിയുടെ നയങ്ങള്‍ വിദ്വേഷത്താല്‍ പ്രചോദിതമാണെന്നും ഇതുകാരം തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടാന്‍ പോകുകയാണെന്നും മായാവതി പറഞ്ഞു. കോണ്‍ഗ്രസിന്റെ വരുമാനമുറപ്പു പദ്ധതി നാടകമാണെന്നും അവര്‍ വിശേഷിപ്പിച്ചു. പാവങ്ങള്‍ക്ക് മാസം ആറായിരം രൂപ എന്ന വാഗ്ദാനത്തില്‍ ജനങ്ങള്‍ വീണുപോകരുതെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ആറായിരം രൂപയ്ക്കു പകരം ഞങ്ങള്‍ വാഗ്ദാനം നല്‍കുന്നത് സര്‍ക്കാര്‍, സ്വകാര്യ മേഖലഖില്‍ തൊഴിലവസരങ്ങളാണ്. ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഇന്ദിരാ ഗാന്ധിയും 20 ഇന പദ്ധതി കൊണ്ടു വന്നിരുന്നു. ഇതു കാര്യക്ഷമമായിരുന്നുവോ?- മായാവതി ചോദിു. ബഡാ ചൗക്കിദാറും ഛോട്ട ചൗക്കിദാറുമാരും എത്ര പരിശ്രമിച്ചാലും ബിജെപി ജയിക്കാന്‍ പോകുന്നില്ല. ബിജെപിയുടെ ചൗക്കിദാര്‍ പ്രചാരണവും കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി വാഗ്ദാനവും വെറും രാഷ്ട്രീയ നാടകങ്ങളാണെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും പരസ്പര പ്രതിബിംബങ്ങളാണെന്ന് അഖിലേഷ് പറഞ്ഞു. മാറ്റം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല, അവര്‍ എങ്ങനെയെങ്കിലും അധികാരം പിടിക്കാനുള്ള ഓട്ടത്തിലാണ്-അഖിലേഷ് പറഞ്ഞു.
കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ഭരണവീഴ്ചകളെ അക്കമിട്ടു നിരത്തി കൊണ്ടായിരുന്നു മായാവതിയുടെ പ്രസംഗം. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള അന്വേഷണ ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ മേല്‍ ബോഫോഴ്‌സ് കറയുണ്ട്. ബിജെപി സര്‍ക്കാരിന്റെ മേല്‍ റഫാല്‍ കറയും. ഇവര്‍ക്ക് ഇനി ഒരു അവസരം നല്‍കരുത്. ഈ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടുണ്ട്. അഭിപ്രായ സര്‍വെ ഉപയോഗിച്ച് വോട്ടര്‍മാരെ വഴിതെറ്റിക്കാന്‍ നോക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതില്‍ വീണു പോകരുതെന്നും മായാവതി പറഞ്ഞു.
യുപിയില്‍ ബിജെപിക്കെതിരെ രൂപം കൊണ്ട കരുത്തുറ്റ മഹാസഖ്യത്തിന്റെ പ്രഥമ പൊതുറാലിയാണ് ഞായറാഴ്ച നടന്നത്. അഖിലേഷിനേയും മായാവതിയേയും കൂടാതെ മൂന്നാം സഖ്യകക്ഷിയായ ആര്‍എല്‍ഡിയും സംയുക്തമായാണ് ദയൂബന്ദില്‍ റാലി സംഘടിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ മുസ്ലിം വോട്ടുകള്‍ പ്രധാനമായും കേന്ദ്രീകരിച്ച മേഖലയിലെ പ്രമുഖ പട്ടണമാണ് ദയൂബന്ദ്.