മലപ്പുറം- എടപ്പാളിൽ പത്തുവയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമർദ്ദനം. കേസിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ രാഘവനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് മർദ്ദനമേറ്റത്. കുട്ടിയുടെ നെറ്റിയിൽ ആഴത്തിൽ മുറിവുണ്ട്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആക്രി സാധനങ്ങൾ പെറുക്കുന്നതിൽനിന്ന് ഒരാൾ വിലക്കിയെന്നും അയാൾ കല്ലുപോലെയുള്ള വസ്തു ഉപയോഗിച്ച് തലക്കടിച്ചു എന്നുമാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കേസെടുത്തതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ അറിയിച്ചു.