ന്യൂദല്‍ഹി- നരേന്ദ്ര മോഡി സര്‍ക്കാരിനേയും നയങ്ങളേയും വിമര്‍ശിക്കുന്ന വരികളുടെ പേരില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക്. ഈ വരികള്‍ ഒഴിവാക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെ്ട്ടിരിക്കുന്നത്. വരികള്‍ തിരുത്തിയ പാട്ടിന് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഈ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. 'തെറ്റായ നീക്കങ്ങളിലൂടെയും, നഗരങ്ങളുടെ പേരു മാറ്റിയും, നോട്ടുകളെ വെറും കച്ചറകളാക്കിയും പാവങ്ങളെ വഞ്ചിച്ചും വിദ്വേഷം പരത്തിയും സഹോദരരെ തമ്മിലടിപ്പിച്ചും അവസാനം വീണ്ടും തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത്തവണ ഞങ്ങളെ കൂടി കേള്‍ക്കണം' എന്നര്‍ത്ഥം വരുന്ന വരികളാണ് കമ്മീഷന്‍ വെട്ടിയത്.
പശ്ചിമ ബംഗാളില്‍ ബിജെപി പ്രചാരണത്തിന് ഉപയോഗിക്കാന്‍ കേന്ദ്ര മന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ചിട്ടപ്പെടുത്തിയ പാട്ടിനും കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് നടപടി. പാട്ടില്‍ ഉപയോഗിച്ച ഈ തൃണമൂല്‍ ഇനി ഇല്ല എന്ന വരിയാണ് വെട്ടാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഈ പാട്ടിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്.
വിലക്കിയ പാട്ടുകള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും ഇതു പെരുമാറ്റചട്ടം ലംഘനമാകുമെന്നും കമ്മീഷന്‍ മുന്നറയിപ്പു നല്‍കി.