മുംബൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡി മറ്റൊരു ഹിറ്റ്‌ലറാണെന്നും മോഡി മുക്ത വര്‍ഷമാണ് വരാനിരിക്കുന്നതെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര പുതുവര്‍ഷമായ ഗുഡി പഡ്‌വ ദിനത്തില്‍ മോഡി മുക്ത വര്‍ഷമാണ് തനിക്ക് ആശംസിക്കാനുള്ളതെന്നും മുംബൈയില്‍ പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
മോഡിക്ക് പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചതു പോലെ രാഹുല്‍ ഗാന്ധിക്കും അവസരം ലഭിക്കണം. രാഹുല്‍ ഗാന്ധിക്ക് രാജ്യത്തിനുവേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. മോഡി പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് അദ്ദേഹത്തിന് ഒരു അമ്മയുണ്ടെന്ന് അറിയാമായിരുന്നില്ല. പ്രധാനമന്ത്രിയായ ശേഷം മോഡി എല്ലാ വര്‍ഷവും മാധ്യമ സമേതം അമ്മയെ കാണാന്‍ പോകുന്നുണ്ട്.
ആയിരക്കണക്കിനു കോടി രൂപയാണ് ബി.ജെ.പി തെരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിക്കുന്നത്. നമ്മെ കൊള്ളയടിച്ച അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും സര്‍ക്കാരിനെ പുറത്താക്കണമെന്നും രാജ് താക്കറെ പറഞ്ഞു.
ഗുഡിപഡ് വ പ്രമാണിച്ചാണ് ദാദറിലെ ശിവാജി പാര്‍ക്കില്‍ രാജ് താക്കറെ പൊതുജനങ്ങളെ അഭിംസബോധന ചെയ്തത്.
മോഡി മുക്ത ഭാരതമാണ് ആവശ്യമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹാരാഷ്ട്രയില്‍ പത്ത് പൊതുയോഗങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം മുഴക്കിയാണ് അണികള്‍ രാജ് താക്കറെയുടെ വാക്കുകള്‍ സ്വീകരിച്ചത്.
നമ്മുടെ രാജ്യം രണ്ട് വലിയ പ്രതിസന്ധികളാണ് ഇപ്പോള്‍ നേരിടുന്നത്. ഒന്ന് അമിത് ഷായും രണ്ടാമത്തേത് നരേന്ദ്ര മോഡിയുമാണ്. നമ്മുടെ പ്രധാനമന്ത്രി വിടുവായക്കാരനായാണ് അറിയപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ പോയി ഫേക്കു എന്നു സെര്‍ച്ച് ചെയ്താല്‍ പ്രധാനമന്ത്രി മോഡിയുടെ പേര് ഉയര്‍ന്നുവരും.
നമ്മുടെ രാജ്യത്തെ ജനങ്ങളോട് എന്തിനാണ് മോഡി കള്ളങ്ങള്‍ പറയുന്നത്. പാക്കിസ്ഥാന് നല്‍കിയ എല്ലാ വിമാനങ്ങളും കേടുകൂടാതെയിരിക്കുന്നുവെന്ന് അമേരിക്ക പ്രസ്താവന ഇറക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് മോഡി കള്ളം പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോഡി മാധ്യമങ്ങളില്‍നിന്ന് ഒരു ചോദ്യവും നേരിട്ടിട്ടില്ല. എന്താണ് അതിനു കാരണം. എന്താണ് അദ്ദേഹം ഭയപ്പെടുന്നത്- രാജ് താക്കറെ ചോദിച്ചു.
എങ്ങനെയാണ് പുല്‍വാമ ആക്രമണം നടന്നത്. എവിടെ നിന്നാണ് ആര്‍.ഡി.എക്‌സ് വന്നത്. അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ ഇന്ത്യയിലെത്തിയെന്ന് മോഡിയോട് ചോദിക്കുകയാണ്. 250 പേര്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന അമിത് ഷാ സഹ പൈലറ്റായിരുന്നോ? കൊല്ലപ്പെട്ടവരുടെ കണക്കില്ലെന്നാണ് വ്യോമസേന പറയുന്നത്.പിന്നെ ബി.ജെ.പിക്ക് എവിടെനിന്ന് കണക്ക് കിട്ടി- രാജ് താക്കറെ ചോദിച്ചു.
പ്രധാനമന്ത്രിയായപ്പോള്‍ മോഡി ചെയ്ത കാര്യങ്ങളെല്ലാം പ്രധാനമന്ത്രി അല്ലാത്തപ്പോള്‍ ശക്തമായി എതിര്‍ത്തവയാണ്. നോട്ട് നിരോധത്തിനും ജി.എസ്.ടിക്കുശേഷം നാലരക്കോടി ജനങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നോട്ട് നിരോധത്തെ കുറിച്ചോ ജി.എസ്.ടിയെ കുറിച്ചോ മോഡി പറയുന്നില്ല. ഹിന്ദു കാര്‍ഡാണ് അദ്ദേഹം ഇപ്പോള്‍ കളിക്കുന്നതെന്നും രാജ് താക്കറെ പറഞ്ഞു.