ന്യൂദല്‍ഹി- മോഡി സര്‍ക്കാര്‍ ഇന്ത്യയില്‍ യുദ്ധജ്വരം സൃഷ്ടിക്കുകയാണെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ആരോപണത്തിനു പിന്നലെ പ്രതിപക്ഷത്തെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്ത്. പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനേയും സായുധ സേനകളേയും വിശ്വസിക്കാത്തതാണ് പാക്കിസ്ഥാന് വിമര്‍ശനത്തിന് അവസരം ഒരുക്കുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
പ്രതിപക്ഷം പാക്കിസ്ഥാന്റെ കൈയിലെ പാവകളായി മാറിയിരിക്കയാണെന്നും ഭീകരരെ സംരക്ഷിക്കുന്ന കരങ്ങള്‍ക്ക് ശക്തി പകരുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
പാക്കിസ്ഥാന്റെ എഫ് 16 വിമാനം വീഴ്ത്തിയെന്ന് വ്യാജ അവകാശവാദം ഉന്നയിച്ചും മറ്റും ബി.ജെ.പി ഇന്ത്യയില്‍ യുദ്ധജ്വരം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇംറാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.
ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ വാദങ്ങളെ ശക്തിപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര റെയില്‍വെ മന്ത്രിയുമായ പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി. അതിര്‍ത്തി കടന്ന് ബാലക്കോട്ടെ ഭീകരതയുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് പ്രധാനമന്ത്രി മോഡി വ്യോമസേനയെ അയച്ചത്. പ്രതിപക്ഷമാകട്ടെ അയല്‍ രാജ്യത്തിന്റെ വാദങ്ങളെ ശക്തിപ്പെടുത്തുകയാണ്- പിയൂഷ് ഗോയല്‍ പറഞ്ഞു.
സാം പിട്രോഡ, ഫാറൂഖ് അബ്ദുല്ല എന്നിവരും കോണ്‍ഗ്രസ് നേതാക്കളും സ്വന്തം സര്‍ക്കാരിനേയും സായുധ സേനകളേയുമാണ് അവിശ്വസിക്കുന്നത്. ഇത് തീര്‍ച്ചയായും ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും കരുത്ത് പകരുന്നതാണ്- ഇംറാന്‍ ഖാന്റെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്ര മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി.