കൽപറ്റ- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ മത്സരം എ.ഐ.സി.സി അധ്യക്ഷൻ രാഹുൽഗാന്ധിക്കു വാട്ടർലൂ ആകുമെന്നു എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ സി.കെ. ശശീന്ദ്രൻ എം.എൽ.എ, വൈസ് ചെയർമാൻ പി. കൃഷ്ണപ്രസാദ്, വൈസ് ചെയർപേഴ്‌സൺ സി.കെ. ജാനു, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട്ടിൽ ജനവിധി തേടാനുള്ള രാഹുലിന്റെ തീരുമാനം അപക്വമാണ്. ഇതിനു അദ്ദേഹവും കോൺഗ്രസും കനത്ത വില നൽകേണ്ടിവരും. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. സുനീറിനൊപ്പമായിരിക്കും വിജയം. ഇടതുമുന്നണിക്കു അനുകൂലമാണ് മണ്ഡലത്തിൽ പൊതുവെ രാഷ്ട്രീയ സാഹചര്യം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിലും വലിയ മുന്നേറ്റമാണ് മണ്ഡലത്തിലെ നിയോജകമണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു നടത്താനായത്.
ബി.ജെ.പിയെ കേന്ദ്ര ഭരണത്തിൽനിന്നു പുറത്താക്കാൻ മതനിരപേക്ഷ ശക്തികളെ ഐക്യപ്പെടുത്തുന്നതിനു പകരം ഇടതുപക്ഷത്തെ തോൽപ്പിക്കാനാണ് രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്നത്. ഇതിന്റെ ഗുണം ബി.ജെ.പിക്കാണ് ലഭിക്കുക. വർഗീയ-ഫാസിസ്റ്റ് ശക്തികളിൽനിന്നു രാജ്യം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ പരാജയമാണ്. തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെതിരെ ഒന്നും പറയില്ല എന്ന രാഹുലിന്റെ നിലപാട് മനഃസാക്ഷിക്കുത്തിൽനിന്നു ഉണ്ടായതാണ്. തന്റേത് തെറ്റായ തീരുമാനമാണെന്ന ബോധ്യം രാഹുലിനുണ്ട്. 1991ലെ നരസിംഹറാവു സർക്കാർ നടപ്പിലാക്കിയ ഉദാരവത്കരണ സാമ്പത്തിക നയങ്ങളാണ് രാജ്യമാകെ കർഷകരെ ചവിട്ടിയരച്ചത്. അനൗദ്യോഗിക കണക്കനുസരിച്ച് 1997നും 2007നും ഇടയിൽ 3,000 ഓളം കർഷകരാണ് വയനാട്ടിൽ ആത്മഹത്യചെയ്തത്. വോട്ട് ചോദിക്കുന്നതിനു മുമ്പ്, ആത്മഹത്യ ചെയ്ത ഒരു കർഷകന്റെ കുടുംബത്തെയെങ്കിലും സന്ദർശിച്ച് മാപ്പുചോദിക്കാൻ തയാറുണ്ടോയെന്നു രാഹുൽ വ്യക്തമാക്കണം.
കർഷക വഞ്ചനയാണ് കോൺഗ്രസ് വർഷങ്ങളായി നടത്തുന്നത്. ഓരോ വിളയ്ക്കും ഉത്പാദനച്ചെലവിന്റെ 50 ശതമാനം അധികരിച്ച മിനിമം സപ്പോർട്ട് പ്രൈസ് ലഭ്യമാക്കണമെന്ന എം.എസ്. സ്വാമിനാഥൻ കമ്മീഷന്റെ 2006ലെ ശിപാർശ ഇടതുപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും ഒന്നും രണ്ടും യുപിഎ സർക്കാരുകൾ നടപ്പിലാക്കിയില്ല. ഇത്തവണത്തെ കോൺഗ്രസ് പ്രകടന പത്രികയിലും ഇക്കാര്യം ഇല്ല. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ തകർക്കുന്ന ആർ.ഇ.സി.പിയിൽ ഒപ്പിടാനുള്ള മോഡി സർക്കാർ നീക്കത്തെ കോൺഗ്രസ് പിന്തുണയ്ക്കുകയാണുണ്ടായത്.
പത്രികാസമർപ്പണത്തിനു രാഹുൽഗാന്ധി വന്നപ്പോൾ കൽപറ്റയിൽ കണ്ടതു കോൺഗ്രസിന്റെ ശക്തിപ്രകടനമല്ല. കർണാടകയിൽനിന്നും തമിഴ്‌നാട്ടിൽനിന്നും എത്തിയവരാണ് നഗരത്തിൽ തിങ്ങിക്കൂടിയതിൽ അധികവും.
കോൺഗ്രസിനെതിരായ കർഷക വികാരമാണ് 2006ലെ നിയമസഭാ തെരഞ്ഞടുപ്പിൽ വയനാട്ടിൽ എൽ.ഡി.എഫിനു അനുകൂലമായ വിധിയെഴുത്തിനു കാരണമായത്. ഇതിലും ശക്തമായ വികാരമാണ് ഇന്നു രാജ്യവ്യാപകമായി കോൺഗ്രസിനും ബി.ജെ.പിക്കും എതിരെയുള്ളതെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.