മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുരുവിനെ നിന്ദിക്കുന്നത് എങ്ങനെ ഹിന്ദുത്വത്തിന്റെ ഭാഗമാകുമെന്നും ലാല്‍ കൃഷ്ണ അദ്വാനിയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നൊഴിവാക്കിയ ബിജെപി നടപടി ശരിയായില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയമായി വിയോജിക്കുന്നവരെ ദേശദ്രോഹികളായി ബിജെപി കണ്ടിരുന്നില്ല എന്ന അദ്വാനിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് മോഡിയെ കടന്നാക്രമിച്ച് രാഹുല്‍ വിമര്‍ശനം നടത്തിയത്. 'ബിജെപി ഹിന്ദുത്വത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുത്വത്തില്‍ ഗുരു പരമോന്നതനാണ്. അത് ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയെക്കുറിച്ച് പറയുന്നതാണ്. ആരാണ് മോദിയുടെ ഗുരു അദ്വാനി. മോഡി അദ്ദേഹത്തെ ചവിട്ടിപുറത്താക്കിയില്ലേ!' രാഹുല്‍ ചോദിച്ചു.
2019ലെ തെരഞ്ഞെടുപ്പ് ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. കോണ്‍ഗ്രസിന്റെ സാഹോദര്യം, സ്‌നേഹം, സമത്വം എന്നീ ആശയങ്ങള്‍ മോഡിയുടെ വെറുപ്പ്, വിദ്വേഷം, ഭിന്നിപ്പിക്കല്‍ എന്നീ ആശയങ്ങളോട് ഏറ്റുമുട്ടുമെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അദ്വാനിയെ ഒഴിവാക്കി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് സീറ്റ് നല്കിയ നടപടിയെ സൂചിപ്പിച്ചായിരുന്നു രാഹുല്‍ പരാമര്‍ശം നടത്തിയത്.