ന്യൂദൽഹി- സിവിൽ സർവീസ് പരീക്ഷയിൽ കനിഷ്‌ക് കടാരിയക്ക് ഒന്നാം സ്ഥാനം. മുംബൈ ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാർഥിയാണ് ദളിത് വിഭാഗത്തിൽനിന്നുള്ള കനിഷ്‌ക് കടാരിയ. ആർ. ശ്രീലക്ഷ്മി(29), രഞ്ജിന മേരി വർഗീസ്(49), അർജുൻ മോഹൻ(66) എന്നീ മലയാളികളും ആദ്യ നൂറു റാങ്കിലുണ്ട്. വയനാട് സ്വദേശി ശ്രീധന്യ സുരേഷിന് 410-ാം റാങ്കാണ്.
കണക്ക് ഓപ്ഷണൽ വിഷയമായി എടുത്താണ് കനിഷ്‌ക് പരീക്ഷയെ സമീപിച്ചിരുന്നത്. സൃഷ്ടി ജയന്ത് ദേശ്മുഖാണ് പെൺകുട്ടികളിൽനിന്ന് മുന്നിലെത്തിയത്. അഞ്ചാം റാങ്കാണ് ദേശ്മുഖിന്. ഭോപാലിലെ രാജീവ് ഗാന്ധി പ്രൗഡ്‌യോഗികി വിശ്വവിദ്യാലയത്തിൽനിന്നുള്ള കെമിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയാണ് ദേശ്മുഖ്. ആദ്യ 25 റാങ്കുകളിൽ പതിനഞ്ച് ആൺകുട്ടികളും പത്തു പെൺകുട്ടികളുമുണ്ട്. ആദ്യ 25 റാങ്കുകളിൽ എത്തിയവർ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, എൻ.എൽ.യു, ബി.ഐ.ടി.എസ് പിലാനി, ദൽഹി യൂണിവേഴ്‌സിറ്റി, മുംബൈ യൂണിവേഴ്‌സിറ്റി, അണ്ണ യൂണിവേഴ്‌സിറ്റി, പൂനെ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. പത്തുലക്ഷം പേർ അപേക്ഷിച്ച പരീക്ഷയിൽ അഞ്ചുലക്ഷം പേരാണ് എഴുതിയത്. ഇതിൽ 10,468 പേർ മെയിൻ എഴുത്തുപരീക്ഷക്ക് യോഗ്യത നേടി. 2018 സെപ്തംബർ-ഒക്‌ടോബർ മാസങ്ങളിലായിരുന്നു എഴുത്തുപരീക്ഷ.