Sorry, you need to enable JavaScript to visit this website.

അയോധ്യ മറച്ച്, വർഗീയത പൊലിപ്പിച്ച്


ദ്വിമുഖ തന്ത്രങ്ങളിലൂടെ ഹിന്ദു വോട്ട് പരമാവധി ആർജിക്കാനുള്ള തീവ്രശ്രമവുമായി നരേന്ദ്ര മോഡി. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനം നിറവേറ്റാൻ കഴിയാതിരുന്നതോടെ ആ വിഷയം മെല്ലെ പരവതാനിക്കടിയിലേക്ക് തള്ളിയ ബി.ജെ.പി പുതിയ തന്ത്രങ്ങളിലൂടെ ഭൂരിപക്ഷ വർഗീയത ഉദ്ദീപിപ്പിക്കുകയാണ്. വാർധയിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ 13 തവണയാണ് ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചത്....


തെരഞ്ഞെടുപ്പ് നിയമസഭകളിലേക്കോ ലോക്‌സഭകളിലേക്കോ പഞ്ചായത്തിലേക്കോ പോലുമാവട്ടെ, ബി.ജെ.പിയുടെ പ്രധാന ഇഷ്യു എന്നും അയോധ്യയായിരുന്നു. നരേന്ദ്ര മോഡി അഞ്ചു വർഷം ഭരണം പൂർത്തിയാക്കുമ്പോൾ ബി.ജെ.പി നേതാക്കൾ അയോധ്യയെക്കുറിച്ച് മിണ്ടുന്നില്ല. പകരം ഹിന്ദുക്കളെ കോൺഗ്രസ് ഭീകരരാക്കാൻ ശ്രമിച്ചു എന്ന പുതിയ വാദമുഖമുയർത്തി വർഗീയത പൊലിപ്പിക്കുകയാണ് മോഡിയും ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും. ഛോട്ടാ നേതാക്കളാവട്ടെ സന്തോഷപൂർവം ഇത് ഏറ്റുപിടിക്കുന്നു. 
മഹാരാഷ്ട്രയിലെ വാർധയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ 13 തവണയാണ് ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചത്. കോൺഗ്രസ് ഹിന്ദുക്കളെ ഭീകരാക്കിയെന്നും ഹിന്ദുക്കൾ ഭീകരപ്രവർത്തനം നടത്തിയ ഒരു സംഭവം പോലുമില്ലെന്നും മോഡി പറഞ്ഞു. അയ്യായിരം വർഷത്തെ സംസ്‌കാരത്തിനു മേലാണ് കരിഞ്ചായം ചാലിച്ചത്. ആരാണ് ഹിന്ദു ഭീകരത എന്ന് ആരോപിച്ചത്? ആരാണ് ഹിന്ദുക്കളെ ഭീകരരാക്കിയത്? -നാടകീയമായ രോഷത്തോടെ പ്രധാനമന്ത്രി ചോദിച്ചു. മഹാത്മാഗാന്ധിയുടെ ആശ്രമം സ്ഥിതി ചെയ്യുന്നതിന്റെ പേരിലാണ് ഇതുവരെ വാർധ അറിയപ്പെട്ടിരുന്നത് എന്നതാണ് ഏറ്റവും വേദനാജനകം. ഗാന്ധിജി കൊല്ലപ്പെട്ടത് നാഥുറാം ഗോഡ്‌സെ എന്ന ഭീകരന്റെ തോക്കിനിരയായിട്ടാണെന്ന വസ്തുതയൊന്നും മോഡിക്ക് പ്രശ്‌നമല്ല.
ഹിന്ദുക്കളെ കോൺഗ്രസ് ഭീകരരാക്കിയതോടെ അവർ കനത്ത പ്രതിഷേധത്തിലാണെന്നും അവരുടെ തിരിച്ചടി ഭയന്നാണ് കോൺഗ്രസ് നേതാക്കൾ ഹിന്ദു മേഖലകളിൽ നിന്ന് ഒളിച്ചോടി മറ്റിടങ്ങളിൽ മത്സരിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. കേരളത്തിൽ പ്രീണന രാഷ്ട്രീയമാണെന്നും അതുകൊണ്ടാണ് രാഹുൽ അവിടെ മത്സരിക്കുന്നതെന്നും അമിത് ഷാ മറ്റൊരു റാലിയിൽ പറഞ്ഞു. 
ഗോഹത്യ ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദു തീവ്രവാദികൾ വധിച്ച ദാദ്രിയിലെ ബിസാറയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പച്ചയായി ആ ഹീനകൃത്യത്തെ ന്യായീകരിച്ചു. 'ബിസാറയിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം. അഭിമാനത്തോടെ എനിക്കു പറയാനാവും., ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് നിയമം ലംഘിച്ചു പ്രവർത്തിക്കുന്ന എല്ലാ കശാപ്പുശാലകളും പൂട്ടി'. 2015 ൽ ബിസാറയിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന അമ്പതുകാരനെ വർഗീയവാദികൾ പകൽവെളിച്ചത്തിൽ തല്ലിക്കൊല്ലുകയായിരുന്നു. വീട്ടിലെ റഫ്രിജറേറ്ററിൽ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു ഇത്. 
അഖ്‌ലാഖ് വധത്തിൽ പ്രതി ചേർക്കപ്പെട്ട 18 പേരിൽ 16 പേരും ആദിത്യനാഥിന്റെ പ്രസംഗം കേട്ട് മുൻനിരയിലിരുന്ന് കൈയടിച്ചു. ഇവരെല്ലാം ജാമ്യത്തിലിറങ്ങിയതാണ്. മറ്റൊരു പ്രതി രവീൻ സിസോദിയ ഒരു വർഷത്തിനു ശേഷം മരിച്ചപ്പോൾ ഇവിടത്തെ ബി.ജെ.പി സ്ഥാനാർഥി അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു., സിസോദിയയുടെ മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞാണ് സംസ്‌കാരത്തിന് കൊണ്ടുപോയത്. 
മോഡി എന്നും വർഗീയ വിഭജനത്തിന്റെ അജണ്ടയാണ് നടപ്പാക്കിയതെന്ന് മുൻ ഐ.ഐ.ടി പ്രൊഫസറും മനുഷ്യാവകാശപ്രവർത്തകനുമായ രാം പുനിയാനി പറയുന്നു. കഴിഞ്ഞ ഇലക്ഷനിൽ അത് അദ്ദേഹം സമർഥമായി മറച്ചുവെച്ചു. ക്രമേണ അത് പുറത്തു വന്നു തുടങ്ങി. ഇപ്പോൾ പാരമ്യത്തിലാണ്. ഒരു നിസ്സഹായത മോഡിയുടെ തന്ത്രങ്ങളിലുണ്ട്. ഈ ഇലക്ഷൻ കഴിയുമ്പോഴേക്കും പരമത വിദ്വേഷം അപരിഹാര്യമാം വിധം സങ്കീർണമാവുമെന്നാണ് എന്റെ ഭീതി -രാം പുനിയാനി പറഞ്ഞു. 
മോഡിയുടെ വർഗീയ അജണ്ടയെ ഇലക്ഷൻ കമ്മീഷൻ നിശ്ശബ്ദമായി നോക്കിനിൽക്കുകയാണ്. മാർച്ച് 21 ന് ഗുരുഗ്രാമിൽ ഒരു മുസ്‌ലിം കുടുംബം ആക്രമിക്കപ്പെട്ടപ്പോൾ പതിവു പോലെ മോഡി അതിനെ വിമർശിക്കാൻ മറന്നു. വിദ്വേഷത്തെ വീരസാഹസകൃത്യമാക്കി ആഘോഷിക്കുകയാണ് മോഡിയും കൂട്ടരുമെന്ന് മുൻ ബ്യൂറോക്രാറ്റും സമാധാനപ്രവർത്തകനുമായ ഹർഷ് മന്ദർ പറഞ്ഞു.  ഇരകൾ ശിക്ഷിക്കപ്പെടുകയും പ്രതികൾ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന നിസ്സഹായതയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ഹർഷ് മന്ദർ ആരോപിച്ചു. മോഡിക്ക് വോട്ട് ചെയ്യാത്തവർ ദേശവിരുദ്ധരാണെന്നാണ് ബംഗളൂരു സൗത്തിൽ മത്സരിക്കുന്ന യുവ ബി.ജെ.പി സ്ഥാനാർഥി തേജസ്വി സൂര്യ പ്രഖ്യാപിച്ചത്. 
വർഗീയ അജണ്ടയെ ചെറുത്തു തോൽപിക്കണമെന്ന് കഴിഞ്ഞ ദിവസം അരുന്ധതി റോയ്, അമിതാവ ഘോഷ്, റൊമീള ഥാപ്പർ, ഗിരീഷ് കർണാഡ്, നയൻതാര സെഗാൽ, കെ. സച്ചിദാനന്ദൻ തുടങ്ങിയ പ്രശസ്ത എഴുത്തുകാർ ആവശ്യപ്പെട്ടു. 
ബാലകോട് ആക്രമണത്തിൽ സംശയം പ്രകടിപ്പിക്കുന്നവരെയൊക്കെ പാക്കിസ്ഥാൻ അനുകൂലികളാക്കി ചിത്രീകരിക്കുകയാണ് മോഡിയുടെ മറ്റൊരു തന്ത്രം. ഹിന്ദുസ്ഥാന്റെ ഹീറോമാരെയാണോ നിങ്ങൾ തെരഞ്ഞെടുക്കുക, അതോ പാക്കിസ്ഥാനികൾക്ക് ഹീറോ ആയവരെയോ? സേനയെ അപമാനിച്ചവരെ പാഠം പഠിപ്പിക്കേണ്ടതില്ലേ? -ഒരു ഇലക്ഷൻ റാലിയിൽ അദ്ദേഹം ചോദിച്ചു. 
അയോധ്യാ വിഷയത്തിലെ പരാജയം തന്ത്രപൂർവം മറച്ചുവെക്കാനും ബി.ജെ.പിക്ക് സാധിക്കുന്നുണ്ട്. ഹിന്ദു തീവ്രവിഭാഗത്തിന്റെ കരുത്തിനെ നിസ്സാരമായി കാണരുതെന്നും അതിനാൽ അയോധ്യ വിഷയം ആളിക്കത്തിക്കരുതെന്നും ഒരു മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു. അയോധ്യ വിഷയം രാഷ്ട്രീയമല്ലെന്നും അത് മത, സാംസ്‌കാരിക വിഷയമാണെന്നും അവർ വിശദീകരിക്കുന്നു. ഈ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് വി.എച്ച്.പി ഇന്റർനാഷനൽ വർക്കിംഗ് പ്രസിഡന്റ് അലോക്കുമാർ പറഞ്ഞു. 
രാഷ്ട്രീയ റാലികളിൽ അയോധ്യ വിഷയം ഉപയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും വർഗീയത ഇളക്കിവിട്ടാൽ അത് ഇലക്ഷനെ ബാധിക്കുമെന്നും ഉത്തർപ്രദേശിൽ മത്സരിക്കുന്ന ബി.ജെ.പി എം.പി സഞ്ജീവ് ബലിയാൻ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അയോധ്യ വിഷയം സജീവമാകുമെന്ന് വിശ്വഹിന്ദു ദൾ നേതാവ് അംബുജ് നിഗം വെളിപ്പെടുത്തി.

Latest News