Sorry, you need to enable JavaScript to visit this website.

വിദ്വേഷത്തിന്റെ രാഷ്ട്രീയം

മുംബൈ നോർത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ വിമർശനം പാരമ്യത്തിലെത്തി?
എല്ലാവരും കരുതുന്നത് ഒരു ഗ്ലാമർ പാവ മത്സര രംഗത്ത് ഇറങ്ങിയിരിക്കുകയാണ് എന്നാണ്. അവർ എന്നെ എത്ര താഴ്ത്തിക്കാണുന്നുവോ അത്രയും എനിക്ക് നേട്ടമാണ്. പ്രവർത്തനങ്ങളാണ് വാക്കുകളെക്കാൾ സംസാരിക്കുകയെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ലോകത്തിൽ എന്തു മാറ്റമാണ് ആഗ്രഹിക്കുന്നത് ആ മാറ്റം സ്വയം ഉൾക്കൊള്ളുക എന്നാണ് ഗാന്ധിജി പറഞ്ഞത്. ഞാൻ ഒരു സ്റ്റാർ മാത്രമല്ല, ഒരു വനിത കൂടിയാണ്. വനിതകൾ എപ്പോഴും താഴ്ത്തിക്കെട്ടപ്പെടുന്നവരാണ്. 

ചോ: എന്തുകൊണ്ട് രാഷ്ട്രീയം, എന്തുകൊണ്ട് കോൺഗ്രസ്?
ഉ: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പലതവണ ഒരു പൗരനെന്ന നിലയിൽ ശബ്ദമുയർത്തേണ്ടതായിരുന്നുവെന്ന് ഞാൻ ആലോചിച്ചിരുന്നു. പക്ഷെ എനിക്കതിന് കഴിഞ്ഞില്ല. എന്റെ ഇൻഡസ്ട്രിയിലെ ആളുകൾ എളുപ്പം മുദ്ര കുത്തപ്പെടും. പലതവണ വേറൊരു രാജ്യത്തേക്ക് പോകണമെന്ന് ഞങ്ങൾക്ക് നിർദേശം കിട്ടിയിട്ടുണ്ട്. ദേശവിരുദ്ധരെന്ന് പരിഹസിക്കപ്പെട്ടു. അവരുടെ മക്കളുടെ സുരക്ഷയെക്കുറിച്ച് സംസാരിച്ചതിനായിരുന്നു ഇത്. ഇത് ഒരു തരത്തിലും സ്വീകാര്യമല്ല, ഹീനമായ നിലപാടാണ് ഇത്. ബീഫ് തിന്നുന്നതായി സംശയിക്കപ്പെട്ടതിന്റെ പേരിൽ ആളുകൾ തല്ലിക്കൊല്ലപ്പെടുകയാണ്. ഏതു കാലത്താണ് നാം ജീവിക്കുന്നത്. നഗരങ്ങൾ വികസിപ്പിക്കുന്നതിനു പകരം അവയുടെ പേരു മാറ്റുകയാണ്. ഈ അരാജകത്വത്തിലും മതാടിസ്ഥാനത്തിലുള്ള ഭരണത്തിലും പുരോഗതി ഉണ്ടാവില്ല. അധികാരത്തിനു വേണ്ടിയല്ല ഞാൻ മത്സരിക്കുന്നത്. എന്റേതിനു സമാനമായ ആശയങ്ങളുള്ള പാർട്ടിക്കു വേണ്ടി ഞാൻ കഴുത്തു നീട്ടുകയാണ്. ഇത് എന്റെ സത്യസന്ധതയുടെ പ്രഖ്യാപനമാണ്. 

ചോ: രാഹുൽ ഗാന്ധിയുടെയും നരേന്ദ്ര മോഡിയുടെയും നേതൃത്വത്തിന്റെ പ്രധാന വ്യത്യാസമെന്താണ്?
ഉ: ഒരു പാർട്ടി വിശ്വസിക്കുന്നത് വിദ്വേഷം ഉദ്ദീപിപ്പിക്കാനാണ്. മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനാണ്. രണ്ടാമത്തെ നേതാവ്, സമർപ്പണബുദ്ധിയുള്ള ആളാണ്, അടിസ്ഥാനവർഗത്തിൽ വിശ്വസിക്കുന്നയാളാണ്. എല്ലാ പ്രശ്‌നങ്ങൾക്കും തന്റെ കൈയിൽ പരിഹാരമുണ്ടെന്ന് അദ്ദേഹം പറയുന്നില്ല. എല്ലാം കേൾക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നവരെ അക്കാര്യം ഏൽപിക്കാനും അദ്ദേഹം തയാറാണ്. 

ചോ: ഒരു മുസ്‌ലിമിനെ കല്യാണം കഴിച്ചതിന്റെ പേരിൽ താങ്കൾ ട്രോളിംഗിന് വിധേയയായി?
ഉ: വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ഇത്. അഞ്ചു വർഷം കളഞ്ഞുകുളിച്ചതിനെക്കുറിച്ച് ആരും പറയുന്നില്ല. സ്വപ്‌നഭംഗത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ഇത്തരം ട്രോളുകൾ എത്ര വൃത്തികേടിലേക്ക് അവർ പതിക്കുമെന്നതിന്റെ ഉദാഹരണമാണ്. ഞാൻ ഒരിക്കലും മതം മാറിയിട്ടില്ല. ആരും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ഹിന്ദുവായതിൽ അഭിമാനിക്കുന്നതു പോലെ ഭർത്താവ് മുസ്‌ലിമായതിൽ അഭിമാനിക്കുന്നു. അതാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം. അതാണ് ഞങ്ങളുടെ വിവാഹത്തിന്റെ സൗന്ദര്യം. ഇസ്‌ലാമിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കാനാണ് അവരുടെ ശ്രമം. തീരുമാനമെടുക്കാൻ കഴിയാത്ത വ്യക്തിയായി അവർ എന്നെ ചിത്രീകരിക്കാനും ശ്രമിച്ചു. എന്റെ ആശങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. 

ചോ: മുംബൈ നോർത്തിലെ പ്രധാന വിഷയങ്ങൾ എന്താണ്?
ഉ: ചേരികളുടെ വികസനമാണ് പ്രധാനം. ലോക്കൽ ട്രയ്ൻ ഗതാഗതം മെച്ചപ്പെടുത്തണം. വനിതകളുടെ ആരോഗ്യസുരക്ഷയാണ് മറ്റൊരു പ്രധാന വിഷയം. അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിന് മാറ്റിവെക്കുന്ന തുക എങ്ങോട്ടാണ് പോവുന്നത്? ഇതൊക്കെ മനുഷ്യരുടെ ജീവന്മരണ പ്രശ്‌നമാണ്. തെരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും ആരോഗ്യ സംരക്ഷണത്തിനായി ഞാൻ പ്രവർത്തിക്കും. ഡോക്ടർമാരെ എല്ലാ മേഖലകളിലും എത്തിക്കും. എതിരാളി ഗോപാൽ ഷെട്ടിയുടെ എല്ലാ പ്രചാരണവും ഗുജറാത്തിയിലാണ്. ഈ മണ്ഡലത്തെ വിഭജിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നോർത്ത് മുംബൈ ഇന്ത്യയുടെ പരിഛേദമാണ്. യു.പിയിൽ നിന്നുള്ളവരും മുസ്‌ലിംകളും ഗുജറാത്തികളുമൊക്കെ ഇവിടെയുണ്ട്. മഹാരാഷ്ട്രക്കാരിയാണെന്നു പറഞ്ഞ് ഞാൻ വോട്ട് പിടിക്കില്ല. ഗുജറാത്തിയും മറാത്തിയുമായി എന്തിനാണ് ജനങ്ങളെ വിഭജിക്കുന്നത്?

 

Latest News