ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ മുസ്ലിം ലീഗിനെതിരെ ഹിന്ദുത്വര്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. ഇതിന്റെ ചുവട് പിടിച്ച് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണ് ലീഗെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയ യു.പി മുഖ്യമന്ത്രിയും തീപ്പൊരു ഹിന്ദുത്വ നേതാവുമായ യോഗി ആദിത്യനാഥിന് ചുട്ടമറുപടിയുമായി ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് രംഗത്തെത്തി. ഇതു സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ സിഎന്‍എസ് ന്യൂസ് 18-നോടാണ് വഹാബ് മറുപടി പറഞ്ഞത്. മുസ്ലിം ലീഗ് മുന്‍ ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിനെ ഇന്ത്യയെ പ്രതിനിധീകരിച്ച് വാജ്്‌പേയിയുടെ ബിജെപി സര്‍ക്കാര്‍ യുഎന്നിലേക്ക് അയച്ചത് എടുത്തു പറഞ്ഞായിരുന്നു വഹാബിന്റെ മറുപടി.
യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ സമുദായങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അവരുടെ മുഖ്യ അജണ്ട തന്നെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന എന്നതാണ്. യുഎന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അയച്ചത് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനായിരുന്ന ഇ അഹമ്മദിനെ ആയിരുന്നു. അദ്ദേഹം 10 വര്‍ഷം കേന്ദ്ര മന്ത്രിയായിരുന്നു. വിദേശകാര്യം, റെയില്‍വേ, തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അന്ന് ഈ ആരോപണങ്ങള്‍ എവിടെയായിരുന്നു? വഹാബ് ചോദിച്ചു.
പച്ച കൊടിനിറത്തിന് എന്താണ് പ്രശ്‌നം? ബിജെപിക്കൊപ്പമുള്ള പാര്‍ട്ടികള്‍ക്കും പച്ച കൊടിയുണ്ട്. മറ്റു പല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഈ നിറത്തിലുള്ള കൊടിയുണ്ട്. പച്ചക്കൊടി ഉപയോഗിക്കാന്‍ പറ്റില്ലെന്നാണോ? എന്തു വിഡ്ഢിത്തമാണ് ഈ പറയുന്നത്-അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ്-മുസ്ലിം ലീഗ് സഖ്യം അരനൂറ്റാണ്ട് പിന്നിടുന്നു വര്‍ഷമാണിത്. 1969 മുതല്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചാണ്. മുസ്ലിം ലീഗിന്റെ 70 വര്‍ഷത്തെ ചരിത്രം പരിശോധിക്കുകയാണ് വേണ്ടത്. ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന മതേതരകാഴ്ച്ചപാടിനെ ബിജെപി അടക്കം എല്ലാവരും അംഗീകരിച്ചതാണ്. ബിജെപിയിലെ ചിലര്‍ പ്രചരിപ്പിക്കുന്ന ഈ വര്‍ഗീയ വിദ്വേഷത്തിനു മറുപടിയായി നാട്ടിലെ സാമുദായിക സൗഹാര്‍ദം തുറന്നു കാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. ഇതു മുസ്ലിം ലീഗിനെ കുറിച്ച് അറിയാത്തവര്‍ക്ക് പഠിക്കാനുള്ള നല്ല അവസരമാണെന്നും അദ്ദേഹം പറഞ്ഞു.