ന്യൂദല്‍ഹി- അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി കോപ്റ്റര്‍ കരാറുമായി ബന്ധപ്പെട്ട കോഴക്കേസില്‍ പ്രതിയായ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റീന്‍ മിഷേലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തയാറാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു പ്രതിക്ക് കൈമാറുന്നിനു മുമ്പ് മാധ്യമങ്ങളിലൂടെ പുറത്തു വന്നതില്‍ കോടതിക്ക് അമര്‍ഷം. ഈ റിപോര്‍ട്ടിലെ ഉള്ളടക്കം എങ്ങനെ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളുടെ മുമ്പിലെത്തി എന്നതു സംബന്ധിച്ച് ഇ.ഡി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതി നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിനിടെ മിഷേല്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടേയും അഹമദ് പട്ടേലിന്റേയും പേരുകള്‍ പരാമര്‍ശിച്ചെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മിഷേലിന്റെ ഡയറിക്കുറിപ്പില്‍ എ.പി എന്ന ചുരുക്കെഴുത്ത് അഹമദ് പട്ടേലാണെന്നും ഫാം എന്നത് ഗാന്ധി കുടുംബത്തെ പരാമര്‍ശിക്കുന്ന രഹസ്യ കോഡാണെന്നും കുറ്റപത്രത്തിലുണ്ട്. മിഷേലിന്റെ ഡയറിയിലുള്ള മിസിസ് ഗാന്ധി സോണിയാ ഗാന്ധിയാണെന്ന് സൂചനയുള്ളതായും റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലാണ് മിസിസ് ഗാന്ധിയുടെ പേര് മിഷേല്‍ പറഞ്ഞതെന്ന് കുറ്റപത്രം വിശദമാക്കുന്നില്ല.
വ്യാഴാഴ്ചയാണ് കുറ്റപത്രം ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചത്. ദുബായില്‍ പിടിയിലായ മിഷേലിനെ ഡിസംബറിലാണ് ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്തത്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും 12 വിവിഐപി കോപ്റ്ററുകള്‍ വാങ്ങാനുള്ള മുന്‍ യുപിയെ സര്‍ക്കാരിന്റെ കാലത്തെ 3,600 കോടി രൂപയുടെ കരാറില്‍ കോഴ ഇടപാട് നടന്നുവെന്നാണ് ആരോപണം.
അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പരിഹാസ്യവും തെരഞ്ഞെടുപ്പു കാലത്തെ തന്ത്രങ്ങളാണെന്നും അഹമദ് പട്ടേല്‍ പ്രതികരിച്ചു.