ശ്രീനഗര്‍- ബിജെപിയുടെ തനിനിറമായ കാവി പേരിനു പോലും ഉള്‍പ്പെടാത്താതെ കശ്മീരില്‍ തെരഞ്ഞെടുപ്പു പരസ്യം. ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗീറിന് വോട്ടു ചെയ്യണമെന്ന സന്ദേശവുമായി പ്രാദേശിക പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളാണ് തരിമ്പു പോലും കാവി ചേര്‍ക്കാതെ പൂര്‍ണമായും പച്ച നിറത്തില്‍ നല്‍കിയിരിക്കുന്നത്. ബിജെപിയുടെ പേരും പച്ച നിറത്തിലാണ് നല്‍കിയിരിക്കുന്നത്. നുണകളെ ഉപേക്ഷിക്കൂ, സത്യം സംസാരിക്കൂ എന്ന പരസ്യവാചകം ഉര്‍ദുവിലാണ് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ പതാകയുടെ ഒരു ഭാഗം പച്ച നിറമാണെങ്കിലും പാര്‍ട്ടി കാവി നിറമാണ് വ്യാപകമായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ കശ്മീരിലെ മുന്‍നിര ഇംഗ്ലീഷ് പത്രമായ ഗ്രെയ്റ്റര്‍ കശ്മീര്‍, മേഖലയില്‍ വലിയ പ്രചാരമുള്ള ഉര്‍ദു പത്രമായ കശ്മീര്‍ ഉസ്മ എന്നിവ ഉല്‍പ്പെടെയുള്ള പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. എന്തു കൊണ്ട് പരസ്യം പൂര്‍ണമായും പച്ചയില്‍ മുങ്ങിയെന്ന ചോദ്യത്തിന് കശ്മീര്‍ കുങ്കുമത്തിന്റേയും താമരയുടേയും നാടാണെന്നും ഇത്തവണ വികസനത്തിന്റെ പ്രതീകമായ പച്ച നിറത്തെ ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ചതാണെന്നും പാര്‍ട്ടി വക്താവ് അല്‍ത്താഫ് ഠാക്കൂര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കശ്മരീല്‍ ബിജെപിക്ക് ഒട്ടും പ്രതീക്ഷിക്കാന്‍ വകയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പല സീറ്റുകളിലും ജയിച്ചിരുന്നു. എന്നാല്‍ മുഖ്യ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഈ തെരഞ്ഞെടുപ്പു ബഹിഷ്‌ക്കരിച്ചതിനെ തുടര്‍ന്നായിരുന്നു ബിജെപി മുന്നേറ്റം.
ബിജെപിക്ക് കശ്മീരില്‍ എന്തുകൊണ്ട് തനി നിറം ഉപയോഗിച്ചു കൂടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ചോദിച്ചു. കശ്മീരിലെത്തിയപ്പോള്‍ അവര്‍ പച്ചയായിരിക്കുന്നു. ഇതുപോലെ സ്വയം വിഡ്ഢികളാകുന്ന ഒരു പാര്‍ട്ടിക്ക് വോട്ടര്‍മാരെ വിഡ്ഢികളാക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.