ന്യൂദൽഹി- ബി.ജെ.പിയെ പ്രതിരോധത്തിലാക്കി അദ്വാനിയും മുരളി മനോഹർ ജോഷിയും. ഇരുനേതാക്കളും കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നാണ് വിവരം. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന ഇരുവരെയും തങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് നീക്കം ശക്തമാക്കി. വരാണസയിൽ മോഡിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായി ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി മത്സരിച്ചേക്കുമെന്നാണ് സൂചന. മോഡിക്ക് വേണ്ടി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വരാണസി മുരളി മനോഹർ ജോഷി ഒഴിഞ്ഞിരുന്നു. ഇത്തവണ തനിക്ക് സീറ്റ് നിഷേധിച്ച കാര്യം ബി.ജെ.പി നേതാക്കളാരും നേരിട്ട് അറിയിക്കാത്തത് ജോഷിയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കളുമായി മുരളി മനോഹർ ജോഷി ചർച്ച നടത്തിയെന്ന വിവരം പുറത്തുവന്നു. നിലവിൽ കാൺപുരിൽനിന്നുള്ള എം.പിയാണ് ജോഷി. ഉത്തർപ്രദേശ് സംസ്ഥാന മന്ത്രിസഭയിലെ അംഗമായ സത്യദേവ് പച്ചൗരിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. താൻ മത്സരിക്കുന്നില്ലെന്ന കാര്യം അറിയിച്ച് മുരളി മനോഹർ ജോഷി കാൺപുരിലെ വോട്ടർമാർക്ക് കത്തയച്ചിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി രാം ലാലാണ് മുരളി മനോഹർ ജോഷിയോട് സീറ്റില്ലെന്ന കാര്യം അറിയിച്ചത്. എന്നാൽ ഇക്കാര്യം എന്തുകൊണ്ട് മോഡിയോ അമിത് ഷായോ പറഞ്ഞില്ലെന്ന് ജോഷി ചോദിക്കുകയും ചെയ്തു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മുരളി മനോഹർ ജോഷിയുമായി ചർച്ച നടത്തി.
ദേശവിരുദ്ധൻ എന്ന പ്രയോഗം പാടേ തെറ്റാണെന്നും തെറ്റിപ്പോയ ഇടങ്ങളിലെല്ലാം ബിജെപി തിരുത്തണമെന്നും ചൂണ്ടിക്കാട്ടി അദ്വാനി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്കുള്ളിൽ ജനാധിപത്യം വേണമെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയായിരുന്നു അദ്വാനി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ സീറ്റ് ലഭിക്കിതിരുന്നതിനും സ്വന്തം മണ്ഡലമായ ഗാന്ധിനഗറിലേക്ക് ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിക്കാനെത്തിയതിനും ശേഷം ആദ്യമായി മൗനം വെടിഞ്ഞ അദ്വാനി ഇന്നലെ പാർട്ടിയുടെ സ്ഥാപക നേതാവെന്ന നിലയിൽ നടത്തിയ പരാമർശങ്ങൾ ബിജെപിയെ അക്ഷരാർഥത്തിൽ വെട്ടിലാക്കുന്നവയാണ്. തന്നെ എക്കാലവും നയിചിട്ടുള്ള തത്വം ആദ്യം രാജ്യം, പിന്നെ പാർട്ടി, അവസാനം അവനവൻ എന്നതാണെന്ന അഡ്വാനിയുടെ പരാമർശം മോഡിക്കും സമകാലിക ബിജെപി നേതാക്കൾക്കും നേർക്ക് വിരൽ ചൂണ്ടി നിൽക്കുന്നതാണ്.
ആദ്യം രാജ്യം, പിന്നെ പാർട്ടി, അവനവൻ അവസാനം എന്ന തലക്കെട്ടിൽ അദ്വാനി എഴുതിയ ബ്ലോഗ് കുറിപ്പ് സമകാലികി ബിജെപിക്കു നേരെ തിരിച്ചു പിടിച്ച കണ്ണാടിയായി. ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്ത എന്നു പറയുന്നത് തന്നെ വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണ്. പാർട്ടിയുടെ ആരംഭ കാലം മുതലേ ബി.ജെ.പി തങ്ങളോട് വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല മറിച്ച് പ്രതിയോഗികളായാണ് കാണുന്നത്. അതുപോലെ തന്നെ ഇന്ത്യൻ ദേശീയതയിൽ തങ്ങളോടു വിയോജിപ്പുള്ളവരെ രാജ്യവിരുദ്ധരായി ഒരിക്കലും കണ്ടിട്ടില്ല. രാഷ്ട്രീയ തലത്തിലും മറ്റെല്ലാ വിധത്തിലും പൗരന് തെരഞ്ഞെടുപ്പുകൾക്കുള്ള വ്യക്തിസ്വാതന്ത്ര്യം വേണമെന്ന കാര്യത്തിൽ ബി.ജെ.പി പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിശാല ദേശീയ തലത്തിലും ബിജെപിക്കുള്ളിൽ തന്നെയും ജനാധിപത്യവും ജനാധിപത്യ പാരമ്പര്യങ്ങളും സംരക്ഷിക്കപ്പടണം. മാധ്യമങ്ങൾ ഉൾപ്പടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്യം, സമന്വയും, നീതി, ദൃഡത എന്നിവ സംരക്ഷിക്കാൻ ബിജെപി എല്ലാക്കാലത്തും മുൻനിരയിൽ നിന്നിട്ടുണ്ട്. രാഷ്ട്രീയ, തെരഞ്ഞെടുപ്പു സംഭാവനകളിലെ സുതാര്യത ഉറപ്പു വരുത്തുക എന്നത് മറ്റ് തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ എന്നപോലെ തന്നെ ബിജെപി ഏറ്റവും പ്രാമുഖ്യം നൽകുന്ന കാര്യമാണെന്നും അദ്വാനി പറയുന്നു.
സത്യം, രാജ്യത്തോടുള്ള സമർപ്പണഭാവം, പാർട്ടിക്കകത്തും പുറത്തുമുള്ള ജനാധിപത്യം എന്നിവയാണ് ബിജെപിയെ എല്ലാക്കാലത്തും മുന്നോട്ടു നയിച്ചിട്ടുള്ളത്. സാംസ്‌കാരിക ദേശീയതയും സദ്ഭരവും പാർട്ടി എല്ലാക്കലത്തും മുറുകെപ്പിടിച്ചിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരേ നടത്തിയ വീര സമരങ്ങൾ ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ വേണ്ടിയായിരുന്നെന്നും അദ്വാനി ഓർമപ്പെടുത്തുന്നു.
ഇന്ത്യയുടെ ജനാധിപത്യ സൗധം ശക്തിപ്പെടുത്താൻ എല്ലാവരും ചേർന്നു പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവം എന്നത് അക്ഷരാർഥത്തിൽ സത്യമാണ്. എന്നാൽ, തെരഞ്ഞെടുപ്പുകൾ ഇന്ത്യൻ ജനാധിപത്യത്തിലെ രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, അധികാരികൾ തുടങ്ങി എല്ലാ പങ്കാളികൾക്കും സത്യസന്ധമായ ആത്മപരിശോധനയ്ക്കുള്ള സമയമാണെന്നും അദ്വാനി ഓർമിപ്പിക്കുന്നു.
ബിജെപിയുടെ സ്ഥാപക ദിനമായ ഏപ്രിൽ ആറ് മുൻനിർത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന എന്ന തരത്തിലാണ് അഡ്വാനിയുടെ ബ്ലോഗ് പോസ്റ്റ് ഇന്നലെ പ്രസിദ്ധീകരിച്ചത്. ഈ അവസരം എല്ലാ ബിജെപി പ്രവർത്തകർക്കും ചുറ്റുപാടുകളിലേക്കും അവനവനിലേക്കു തന്നെയും തിരിഞ്ഞു നോക്കുവാനുള്ളതാണെന്നും അദ്വാനി പറയുന്നു. ബിജെപിയുടെ സ്ഥാപക നേതാവെന്ന നിലയിൽ ബിജെപി പ്രവർത്തകരോടും ഇന്ത്യയിലെ ജനങ്ങളോടും തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുക എന്നത് കടമയാണ്. 1991മുതൽ തന്നെ തെരഞ്ഞെടുത്തു കൊണ്ടിരിക്കുന്ന ഗാന്ധിനഗറിലെ ജനങ്ങളോടും തന്റെ കടപ്പാടും സ്‌നേഹവും അദ്വാനി അറിയിച്ചു.
മാതൃരാജ്യത്തെ സേവിക്കുന്ന എന്നത് തന്റെ ആഗ്രവും കടമയുമായിരുന്നു. പതിനാലാം വയസിൽ ആർഎസ്എസിൽ ചേർന്നത് മുതൽ ഇക്കാര്യം മുറുകെപ്പിടിച്ചിരുന്നു. ഏഴ് ദശാബ്ദക്കാലത്തെ രാഷ്ട്രീയ ജീവിതം തന്റെ പാർട്ടിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആദ്യം ഭാരതീയ ജനസംഘത്തിന്റെയും പിന്നെ ഭാരതീയ ജനതാ പാർട്ടിയുടെയും ഭാഗമായി. ഇരു പാർട്ടികളുടെയും സ്ഥാപക നേതാവുമായിരുന്നു. ദീൻദയാൽ ഉപാധ്യായ, അടൽബിഹാരി വാജ്‌പേയി തുടങ്ങി നിരവധി നിസ്വാർഥ നേതാക്കളോടൊത്തു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്വാനി സ്മരിച്ചു.