ന്യൂദല്‍ഹി- മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.
വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും മുസ്ലിം ലീഗ് ബന്ധം ചൂണ്ടിക്കാട്ടി വിമര്‍ശിക്കാനുള്ള ശ്രമം ബി.ജെ.പി നേതാക്കള്‍ തുടരുകയാണ്.
വൈറസ് ബാധയേറ്റവര്‍ക്ക് രക്ഷയില്ല. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കും-യോഗി ട്വിറ്ററില്‍ കുറിച്ചു. മുസ്ലിം ലീഗ് പതാകയെ പാക്കിസ്ഥാന്റെ പതാകയെന്ന തരത്തില്‍ ട്വിറ്ററില്‍ പ്രചാരണം ശക്തമാക്കിയതിനു പിന്നാലെയാണ് ലീഗ് ബന്ധം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള തന്ത്രവുമായി ബി.ജെ.പി നേതാക്കള്‍ മുന്നോട്ടു പോകുന്നത്.
1857-ല്‍ സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗല്‍ പാണ്ഡെയ്‌ക്കൊപ്പംനിന്നു പോരാടിയിരുന്നു. എന്നാല്‍ ഇടയ്ക്ക് മുസ്ലിം ലീഗ് വൈറസ് കടന്നുവന്നു. അതു രാജ്യം മുഴുവന്‍ വ്യാപിച്ച് വിഭജനത്തിനു വരെ കാരണമായി. ലീഗിന്റെ ഹരിതപതാക വീണ്ടും ഉയര്‍ന്നു പറക്കുകയാണ്. അത് അപകടമാണ്. കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് വൈറസ് ബാധിച്ചിരിക്കുകയാണ്. സൂക്ഷിക്കുക യോഗി ട്വിറ്ററില്‍ കുറിച്ചു.