രാഹുൽ ഗാന്ധിയ്ക്ക് കേരളത്തിന് പുറമെ കർണാടക, തമിഴ്‌നാട് എന്നീ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മത്സരിക്കാൻ ഓഫറുണ്ടായിരുന്നു. നദീജല തർക്കം നിലവിലുള്ള കർണാടക, തമിഴ്‌നാട് എന്നിവ ഒഴിവാക്കിയതിന് പിന്നിലൊരു പ്രായോഗിക ബുദ്ധിയുണ്ട്. മാത്രമല്ല, കേരളത്തിൽ മത്സരിക്കാൻ തെരഞ്ഞെടുത്ത വയനാട് രണ്ട് അയൽ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്ന മണ്ഡലം കൂടിയാണ്. വയനാടൻ കാറ്റിൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയാകെ തരംഗമുണ്ടാക്കാനാവുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കൽപറ്റ കലക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കുകയാണല്ലോ. മണ്ഡലം രൂപീകരിച്ചത് മുതൽ രണ്ട് തെരഞ്ഞെടുപ്പുകളിലും ജയിച്ചത് യു.ഡി.എഫ്. മുന്നണി കോൺഗ്രസിന് നൽകുന്ന സീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നോക്കി ചൗകീദാർ ചോർ ഹൈ എന്നു വിളിച്ച പ്രതിപക്ഷ നേതാവ്. ഹിന്ദി ഹൃദയ ഭൂമിയിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ഞെട്ടിക്കുന്ന വിജയം കൈവരിച്ചത് രാഹുലിന്റെ നേതൃത്വത്തിൽ. കേരളത്തിലെ ഇടതുപക്ഷമുൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും പ്രതീക്ഷ രാഹുലിലായിരുന്നു.
കേരളത്തിലെ വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതിനെതിരെ ഇടതുപക്ഷ നേതാക്കൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചത് പിൽക്കാലത്ത് ചരിത്രപരമായ വിഡ്ഢിത്തമായി രേഖപ്പെടുത്തുമായിരിക്കും. അതല്ല കാര്യം. യെച്ചൂരിയും സ്റ്റാലിനും എതിർപ്പ് പ്രകടിപ്പിച്ചിട്ടു പോലും എന്തിന് രാഹുൽ വയനാട് തെരഞ്ഞെടുത്തു?
മോഡി സർക്കാരിനെ താഴെയിറക്കാനുളള കഠിന പ്രയത്‌നത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്. ഇത്തവണ കേന്ദ്രത്തിൽ അധികാരം പിടിക്കണമെങ്കിൽ 150 സീറ്റുകൾക്ക് മുകളിലെങ്കിലും കോൺഗ്രസിന് തനിച്ച് നേടേണ്ടതുണ്ട്. 2014 ൽ കോൺഗ്രസിന് ആകെ കിട്ടിയത് വെറും 44 സീറ്റുകൾ മാത്രമാണ്. ഭരണം പിടിക്കാനുളള സീറ്റുകൾ വടക്കേ ഇന്ത്യയിൽ നിന്നും ലഭിക്കില്ല എന്ന് രാഹുൽ ഗാന്ധിക്ക് ഉത്തമ ബോധ്യമുണ്ട്. യു.പിയിൽ സഖ്യമില്ല, അവിടെ മതേതര കക്ഷികൾ അമ്പതിലേറെ സീറ്റ് പിടിക്കും. പശ്ചിമ ബംഗാളിൽ മമതയാണ് നേട്ടമുണ്ടാക്കുക. നാൽപത്തിരണ്ട് സീറ്റുകളാണ് അവിടെ. മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യത്തിലായതിനാൽ പാതിയെങ്കിലും കിട്ടിയാലായെന്നതാണ് സ്ഥിതി. ഈ വക കാരണങ്ങളാലാണ് ദക്ഷിണേന്ത്യയിലേക്കുളള രാഹുൽ ഗാന്ധിയുടെ ചുവട് മാറ്റം. തെക്കേ ഇന്ത്യയിലെ 133 സീറ്റുകളാണ് കോൺഗ്രസിനെ മോഹിപ്പിക്കുന്നത്. ആ ഒരു കാരണം മാത്രമല്ല കേരളത്തിൽ തരംഗമുണ്ടാക്കുക എന്നതോ എ-ഐ ഗ്രൂപ്പ് വഴക്ക് പരിഹരിക്കുക എന്നതോ അല്ല രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുക്കാനുളള കാരണം. രാഹുലും കോൺഗ്രസും നോട്ടമിടുന്നത് ദക്ഷിണേന്ത്യ മുഴുവനായിട്ടാണ്. തമിഴ്‌നാടും കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട് തന്നെ തെരഞ്ഞെടുത്തത് സുരക്ഷിത മണ്ഡലമാണെന്ന ഒറ്റക്കാരണം കൊണ്ടല്ലെന്ന് വ്യക്തം. ദക്ഷിണേന്ത്യയിൽ ആകെയുളള സീറ്റുകളുടെ എണ്ണം 133 ആണ്. ഉത്തരേന്ത്യയിൽ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസിന് അമിത പ്രതീക്ഷകളൊന്നുമില്ല. എന്നാൽ ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യയിൽ തരംഗമുണ്ടാക്കാൻ സാധിച്ചാൽ ഭരണം പിടിക്കാൻ സഹായിക്കുന്നത്ര സീറ്റുകൾ കൂടെ പോന്നേക്കും. കോൺഗ്രസും കോൺഗ്രസിനെ പിന്തുണയ്ക്കുന്ന പ്രാദേശിക പാർട്ടികളും ചേർന്ന് 100 സീറ്റെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നേടേണ്ടതുണ്ട്. കർണാടകയിൽ ബിജെപി കോൺഗ്രസിനൊപ്പം തന്നെ തുല്യശക്തിയാണ്. തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപിക്ക് തെരഞ്ഞെടുപ്പിൽ കാര്യമായ റോളില്ല. സീറ്റുകളുടെ എണ്ണം കൂട്ടുക എന്നാൽ ഇവിടങ്ങളിലെല്ലാം കോൺഗ്രസിന് കാര്യമായ റോളുണ്ട്. രാഹുൽ വയനാട്ടിൽ എത്തുന്നതോടെ ഈ സംസ്ഥാനങ്ങളിൽ കിട്ടാനുളള സീറ്റുകളുടെ എണ്ണം കൂട്ടുക എന്നത് തന്നെയാണ് കോൺഗ്രസ് ലക്ഷ്യം. കർണാടകയിൽ ഇത്തവണ കോൺഗ്രസും ജെഡിഎസും ഒരുമിച്ചാണ് മത്സരിക്കുന്നത്. 28 സീറ്റുകളുളള കർണാടകയിൽ 2014 ൽ കോൺഗ്രസിന് ലഭിച്ചത് 9 സീറ്റുകൾ ആയിരുന്നു. ബിജെപിക്ക് 17 സീറ്റുകളും ജനതാദൾ എസിന് രണ്ട് സീറ്റുകളും ലഭിച്ചു. ഇത്തവണ കോൺഗ്രസ് 21 സീറ്റിലും ദൾ 7 സീറ്റുകളിലും മത്സരിക്കുന്നു. 28 ൽ 16 സീറ്റിലധികം ഈ സഖ്യം വിജയം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലാകട്ടെ ഇത്തവണ യുഡിഎഫ് തരംഗമെന്നാണ് പ്രവചനങ്ങൾ. 20 സീറ്റുകളിൽ 2014 ൽ യുഡിഎഫിന് ലഭിച്ചത് 12 സീറ്റുകൾ. രാഹുലിന്റെ വരവോടെ സീറ്റുകളുടെ എണ്ണം കൂടുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. എൽ.ഡി.എഫ് കൺവീനർ വിജയരാഘവനെ പോലുള്ളവരുടെ സഹായവും വേണ്ടതിലേറെ ലഭിക്കുന്നുണ്ട്.
39 ലോക്‌സഭാ സീറ്റുകളുളള തമിഴ്‌നാട്ടിലും കോൺഗ്രസിന് വലിയ പ്രതീക്ഷകളാണുളളത്.
തമിഴ്‌നാട്ടിൽ തമിഴ്‌നാട്ടിൽ ഡിഎംകെയുമായി ചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. 2014 ൽ 39 ൽ 37 സീറ്റുകളും നേടി അണ്ണാഡിഎംകെ തെരഞ്ഞെടുപ്പ് തൂത്ത് വാരിയിരുന്നു. ഇത്തവണ ബിജെപിയുമായി ചേർന്നാണ് മത്സരം. കോൺഗ്രസ്-ഡിഎംകെ തരംഗമാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്. 20 ന് മുകളിൽ സീറ്റാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ആന്ധ്ര പ്രദേശിലും തെലങ്കാനയിലും രാഹുലിന്റെ വരവ് തരംഗമുണ്ടാക്കും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന് സഖ്യമില്ല. തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവിടങ്ങളിൽ നിന്ന് കിട്ടുന്ന പിന്തുണ കോൺഗ്രിസിനും ബിജെപിക്കും ഒരുപോലെ നിർണായകമാവുക. ആന്ധ്ര പ്രദേശിൽ 25 സീറ്റുകളാണുളളത്. അതിൽ എല്ലാ സീറ്റുകളിലേക്കും ടിഡിപിയേയും വൈഎസ്ആർ കോൺഗ്രസിനേയും കൂടാതെ കോൺഗ്രസും മത്സരിക്കുന്നുണ്ട്. 2014 ൽ കോൺഗ്രസ് നേടിയത് പൂജ്യം സീറ്റുകളാണ്. ടിഡിപി 15 സീറ്റുകളും വൈഎസ്ആർ കോൺഗ്രസ് 8 സീറ്റുകളും നേടി. ടിഡിപിയോട് ചേർന്ന് മത്സരിച്ച ബിജെപിക്ക് കിട്ടി രണ്ട് സീറ്റുകൾ. ബിജെപിയോട് നിലവിൽ കടുത്ത വൈരാഗ്യത്തിലാണ് ടിഡിപി. അതിലാണ് കോൺഗ്രസിന്റെ പ്രതീക്ഷകൾ മുഴുവനുമുളളത്. ടിഡിപിക്ക് ലഭിക്കുന്ന സീറ്റുകൾ തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾക്ക് അനുകൂലമാവും എന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. ടിആർഎസ് കോട്ടയായ തെലങ്കാനയിലും കോൺഗ്രസ് ഉന്നം വെയ്ക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമുളള സഖ്യ സാധ്യതകളിലേക്കാണ്. 17 സീറ്റുകളാണ് തെലങ്കാനയിലുളളത്. 2014 ൽ 11 സീറ്റുകൾ ടിആർഎസ് നേടി. ഇത്തവണയും ടിആർഎസ് തന്നെയാവും നേട്ടമുണ്ടാക്കുക. അഞ്ച് സീറ്റുകളെങ്കിലും ടി ഡി പി പിന്തുണയോടെ ഇക്കുറി ലഭിക്കും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
രാഹുൽ ഗാന്ധിക്ക് കേരളത്തിന് പുറമെ കർണാടക, തമിഴ്‌നാട് എന്നീ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മത്സരിക്കാൻ ഓഫറുണ്ടായിരുന്നു. നദീജല തർക്കം നിലവിലുള്ള കർണാടക, തമിഴ്‌നാട് എന്നിവ ഒഴിവാക്കിയതിന് പിന്നിലൊരു പ്രായോഗിക ബുദ്ധിയുണ്ട്. മാത്രമല്ല, കേരളത്തിൽ മത്സരിക്കാൻ തെരഞ്ഞെടുത്ത വയനാട് രണ്ട് അയൽ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്ന മണ്ഡലം കൂടിയാണ്. വയനാടൻ കാറ്റിൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയാകെ തരംഗമുണ്ടാക്കാനാവുമെന്നാണ് കോൺഗ്രസ് കരുതുന്നത്.